കൊട്ടാരക്കര: മണ്ണിൽ പൊന്നുവിളയിച്ച് നൂറുമേനി കൊയ്ത് സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കൊയ്ത്തുത്സവം വർണാഭമായി. അരയേക്കറോളം കര നെൽകൃഷിയുടെ വിളവെടുപ്പാണ് ഉത്സവാന്തരീക്ഷത്തിൽ നടന്നത്.
സദാനന്ദപുരത്തും പരിസര പ്രദേശങ്ങളിലും ജൈവ കാർഷിക സംസ്കാരത്തിന് നാന്ദി കുറിച്ച് കഴിഞ്ഞ അധ്യയന വർഷമാരംഭിച്ച അന്യോന്യം വീടും വിദ്യാലയവും പദ്ധതിയുടെ അഞ്ചാം ഘട്ടമായി വെട്ടിക്കവല കൃഷിഭവൻ മടത്തിയറ വാർഡിലെ തൊഴിലുറപ്പ് സംഘവുമായി ചേർന്നാണ് മണ്ണിൽ പൊന്ന് കരനെൽ കൃഷി പദ്ധതി നടപ്പാക്കിയത്.
നിലമൊരുക്കൽ, വിത്തിടീൽ, കളപറിക്കൽ തുടങ്ങി കൊയ്ത്ത് വരെയുള്ള വിവിധ ഘട്ടങ്ങൾ സ്കൂളിലെ വിദ്യാർഥികൾക്ക് നിരീക്ഷിക്കുന്നതിനുള്ള സൗകര്യം, അന്യം നിന്ന നെൽക്കൃഷിയെ കുറിച്ച് വരും തലമുറയെ ബോധവൽക്കരിക്കുന്നതായി. ഉമ ഇനം നെൽ വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. കൊയ്ത്തു പാട്ടിന്റെ അകമ്പടിയോടെ ജനപ്രതിനിധികൾ, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, നാട്ടുകാർ, നൂറു കണക്കിന് വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്തംഗം സരോജിനി ബാബു, വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീത മാത്തുക്കുട്ടി എന്നിവർ ചേർന്ന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ബി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമഞ്ചായത്തംഗങ്ങളായ ഷീജ സേതുനാഥ്, എം.പി.സജീവ്, കെ.ജയലക്ഷ്മി,എസ്എംസി ചെയർമാൻ ഷാജി ചെമ്പകശേരി, പിടിഎ വൈസ് പ്രസിഡന്റ് ടി.എസ്.ജയചന്ദ്രൻ, ഹെഡ്മാസ്റ്റർ കെ.രാജൻ , കൺവീനർ ബി.മോഹൻലാൽ, കൃഷി അസിസ്റ്റൻറുമാരായ പി. ഓമനകുട്ടി, വിനീഷ്, അധ്യാപകരായ സാബു ജോൺ, കെ.ഒ.രാജുക്കുട്ടി, ജി.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഓണത്തിനു മുമ്പെ ഒരു മുറം പച്ചക്കറി, ഒരു മുറി നിറയെ നൂറുമേനി പദ്ധതികളും ഈ അധ്യയന വർഷം നടപ്പാക്കിയ സ്കൂളിന് ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചു.
സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിൽ കൊല്ലം റവന്യൂ ജില്ലയിലും സംസ്ഥാന തലത്തിലും സ്കൂൾ ടീം ഒന്നാമതെത്തി ഇരട്ട കിരീടം ചൂടി. കോഴിക്കോട് നടന്ന സംസ്ഥാനതല വിദ്യാഭ്യാസ ഉത്സവത്തിൽ സെന്റർ ഓഫ് എക്സലൻസ് പദവിയും എസ്എസ്എഎൽസി പരീക്ഷയിൽ തുടർച്ചയായി നാലു തവണ നൂറു ശതമാനം നേടിയ സ്ക്കൂളിനെ തേടിയെത്തി.
പഠന നിലവാരമുയർത്തുന്നതിന്റെ ഭാഗമായുള്ള ആസൂത്രണം, കോർണർ പിടിഎ, ഭവന സന്ദർശനം, കമനീയാക്ഷരം പദ്ധതി എന്നിവയ്ക്കും കൃഷി വകുപ്പ് സ്കൂളിന് അനുവദിച്ച ട്രിപ്പ് ഇറിഗേഷൻ ഉൾപ്പെടുന്ന ആധുനിക കാർഷിക പ്രോജക്ടിന്റെ ഭാഗമായുള്ള നടീൽ ഉത്സവും ഇതിനോടനുബന്ധിച്ച് നടന്നു.