മറ്റത്തൂർ: പ്രളയദുരിതത്തെ അതിജീവിച്ച് മറ്റത്തൂർ പഞ്ചായത്തിലെ കുട്ടാടൻ പാടത്ത് ഇറക്കിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. മറ്റത്തൂർ പാടശേഖര സമിതിയുടെ കീഴിലുള്ള അഞ്ചേക്കറിലധികം വരുന്ന പാടശേഖരത്താണ് തേജസ് സ്വാശ്രയ സംഘവും കർഷകരും ചേർന്ന് കൃഷിയിറക്കിയത്.
ഈ കൂട്ടായ്മ പതിവായി കൃഷി ഇറക്കാറുണ്ടെങ്കിലും പ്രളയം സാരമായി ബാധിച്ച നിരാശയിൽ പ്രദേശത്ത് ഇക്കുറി കൃഷിയിറക്കുന്നില്ല എന്നായിരുന്നു സംഘത്തിന്റെ തീരുമാനം. എന്നാൽ മറ്റത്തൂർ കൃഷി ഓഫീസർ വിനോദിന്റെ പ്രോത്സാഹനവും, കൂട്ടായ്മയുടെ തീരുമാനവും കൃഷിയിറക്കാൻ തീരുമാനിക്കുകയായിരുന്നു. വെള്ളക്ഷാമം കൃഷിയെ ഉണക്കുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു.
എന്നാൽ കഷ്ടപ്പാടുകളെയെല്ലാം അതിജീവിച്ച് നൂറുമേനി വിളവെടുത്ത കർഷകർ കൊയ്ത്ത് ഉത്സവം ആഘോഷമാക്കി. ജ്യോതി വിത്താണ് ഇവർ കൃഷിയിറക്കിയത്. മറ്റത്തൂർ പഞ്ചായത്ത് 19-ാം വാർഡ് അംഗം ജയ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പാടശേഖരസമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുന്നുമ്മൽ, മുൻ കൃഷിഓഫീസർ നന്ദൻ കണ്ണാട്ടുപറന്പിലിനെ സിഡിഎസ് മെന്പർ രാമദേവൻ കുഴുപ്പിള്ളി പൊന്നാട അണിയിച്ചു.
കൃഷി ഓഫീസർ വിനോദ്, രഞ്ജിത്ത് കൈപ്പിള്ളി, ദിനേശൻ പുതുവത്ത്, കൈമുക്ക്മന പരമേശ്വരൻ നന്പൂതിരി, ബാബു പുതുവത്ത്, ഉണ്ണികൃഷ്ണൻ കുന്നുമ്മൽ, സുജിത്ത് ആനന്ദപുരത്തുകാരൻ, ശങ്കരൻ നായർ, ചാക്കുണ്ണി കൊടിയൻ സംസാരിച്ചു. തുടർന്ന് കൊയ്ത്ത് ഉത്സവ അഘോഷത്തിൽ പങ്കെടുത്തവർക്ക് കഞ്ഞിവിതരണം നടത്തി.