സെബി മാളിയേക്കൽ
തൃശൂർ: കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ ഇരതേടി താറാവിൻ കൂട്ടങ്ങളെത്തി. പുല്ലൂർ പൊതുന്പുചിറ-പുറംചിറ പാടശേഖരത്തിൽ പാലക്കാട് സ്വദേശി രഘുപതിയാണ് നാലായിരത്തോളം താറാവുകളെ ഇറക്കിയിട്ടുള്ളത്. ഇവരെ നോക്കാൻ ഇതര സംസ്ഥാന തൊഴിലാളികളും കൂടെയുണ്ട്.
ഇവർ പാടത്തുതന്നെ താത്കാലിക ടെന്റുകെട്ടി താമസിക്കുകയാണ്. കടുത്ത മഴയുള്ള ജൂണ്‍-ജൂലൈ മാസങ്ങളിലൊഴികെ കൊയ്ത്തു കഴിയുന്ന ദേശങ്ങളിലേക്ക് താറാവുകളെ കൊണ്ട് തീറ്റയ്ക്കിറക്കുന്നതാണ് ഇവരുടെ രീതി.കൊയ്ത്തു പാടങ്ങളിലെ നെല്ലും കൃമികീടങ്ങളും പാടത്തെ തോട്ടിലെ മത്സ്യങ്ങളുമെല്ലാമാണ് ഇവയുടെ ഭക്ഷണം.
ആയിരക്കണക്കിന് രൂപ ഓരോ പാടശേഖര സമിതിക്കും നൽകിയാണ് ഇവയെ തീറ്റയ്ക്കായി കൊണ്ടുവരുന്നത്.
പത്തോ പതിനഞ്ചോ ദിവസത്തിനുള്ളിൽ തീറ്റ കഴിയുന്നതോടെ അടുത്ത പാടശേഖരത്തിലേക്ക് അവർ യാത്ര പുറപ്പെടുകയായി.