കോട്ടയം: കോട്ടയത്ത് നെൽകൃഷിയിലൂടെ പച്ചപ്പ് തിരിച്ചു വരികയാണ്. തരിശുരഹിത കോട്ടയത്തിലേക്ക് ഇനി അധിക ദൂരമില്ല. അതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ സർക്കാരിനൊപ്പം ജില്ലാ പഞ്ചായത്തും കോട്ടയം നഗരസഭയും ചേർന്നു കഴിഞ്ഞു. മീനച്ചിലാർ-മീനന്തറയാർ- കൊടൂരാർ നദീ പുനർസംയോജനപദ്ധതിയിലൂടെ രൂപപ്പെട്ട ജനകീയ കൂട്ടായ്മകളിലൂടെയാണ് ജില്ലയിൽ കൃഷി തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നത്.
ജലവിഭവവകുപ്പിന്റെയും കൃഷിവകുപ്പിന്റെയും ഇടപെടലിലൂടെ സാധ്യമാക്കിയ വീണ്ടെടുപ്പ് വിപുലമാക്കാൻ സംസ്ഥാന ബജറ്റിൽ 25കോടി വകയിരുത്തി. ജില്ലപഞ്ചായത്ത് ബജറ്റിൽ ഒരുകോടിയും കോട്ടയം നഗരസഭ ബജറ്റിൽ തരിശുപാടം ഉൾപ്പെടെ 1,050 ഹെക്ടറിൽ നെൽകൃഷിക്കായി ഒരുകോടി അനുവദിച്ചിട്ടുണ്ട്.
തരിശുനിലങ്ങളിലടക്കം 3,200 ഏക്കർ നെൽകൃഷിയാണ് വീണ്ടെടുത്തത്. മീനന്തറയാറിെൻറ തീരത്തെ 1,200ഏക്കറും കൊടൂരാറിെൻറ തീരത്തെ 2,000 ഏക്കറിലുമാണ് കൃഷിയിറക്കിയത്.വർഷങ്ങളോളം തരിശുകിടന്ന മെത്രാൻ കായൽ, ഈരയിൽകടവ് പാടശേഖരം, കടനാട് പാടശേഖരം, കോടിമത -മുപ്പായിക്കാട് 200 ഏക്കർ പാടശേഖരം, പനച്ചിക്കാട് പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിലായി 226 ഏക്കർ പാടശേഖരം എന്നിവിടങ്ങളിൽ അതിവേഗമാണ് പച്ചപ്പ് തിരിച്ചുവന്നത്.
ജനകീയകൂട്ടായ്മ ഒരുക്കിയ പാടശേഖരങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സിഎംഎസ് കോളജ് വിദ്യാർഥികളും രംഗത്തിറങ്ങി. ഇവർ പാടത്തിറങ്ങി വിവിധ പാടശേഖരങ്ങളിലെ മണ്ണിന്റെ സ്വഭാവം, വളപ്രയോഗം, വിത്തുവിത, കള-കീട രോഗനിയന്ത്രണം, നെല്ലിെൻറ ഗുണനിലവാരം എന്നിവയെല്ലാം പഠനവിധേയമാക്കി.