ഇടുക്കി: കനത്തമഴയിൽ ഇടുക്കി കൊക്കയാറിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. കുട്ടികളടക്കം ഏഴ് പേർ മണ്ണിനടിയിലായതായാണ് സൂചന.
ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെടെയാണ് കാണാതായതെന്നാണ് വിവരം. മേഖലയിലെ ഏഴു വീടുകൾ പൂർണമായി തകർന്നു.
രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊക്കയാറിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
രാവിലെയുണ്ടായ അപകടം വൈകിയാണ് പുറത്തറിഞ്ഞത്. അതേസമയം, മധ്യ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്.
കോട്ടയം കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരണം ആറായി. നാല് പേരെ കാണാതായി. ഇന്ന് ഉച്ചയോടെ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ രണ്ടിടത്താണ് ഉരുൾപൊട്ടിയത്. കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ അഞ്ച് വീടുകൾ മാത്രമുള്ള പ്രദേശത്താണ് വൻ ദുരന്തമുണ്ടായിരിക്കുന്നത്.
ഇവിടെ മൂന്ന് വീടുകളാണ് ഉരുൾപൊട്ടലിൽ ഒലിച്ചു പോയത്. ഒരു വീടിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണ് മൂന്ന് പേർ മരിച്ചിരുന്നു. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ്.