വടകര: മണിയൂർ പാലയാട്നട മത്സ്യഭവനിൽ കച്ചവടം നടത്തുന്ന കല്ലങ്കോട്ട് അബൂബക്കറിന്റെ കരാർ കാലാവധി തീർന്ന് മത്സ്യവിൽപന നിർത്തിയതോടെ ‘സുനിത’ പട്ടിണിയിലായി. ഒരു കൊക്കിന്റെ കഥയാണ് പറയുന്നത്.ഒരു വർഷം മുന്പാണ് മത്സ്യഭവന്റെ മുന്നിൽ അവശയായി നിൽക്കുന്ന കൊക്കിനെ അബൂബക്കർ കാണുന്നത്. ഉടൻ തന്നെ അദ്ദേഹം കുറച്ച് മീൻ നൽകി. ആർത്തിയോടെ കഴിക്കുന്നത് അബൂബക്കർ നോക്കിനിന്നു. അടുത്ത ദിവസവും ഇത് ആവർത്തിച്ചു.
പിന്നീട് കൊക്കിന്റെ വരവ് പതിവായി. രാവിലെ വരികയും അബൂബക്കർ നൽകുന്ന പരൽമീനുകൾ തിന്ന് അബൂബക്കർ പോകുന്പോൾ കൊക്ക് സമീപത്തെ പുഴയോരത്തേക്ക് പറന്നുപോവുകയും ചെയ്തു. ഇവരുടെ സൗഹൃദം ഏവരിലും കൗതുകം പകർന്നു. മത്സ്യഭവൻ അവധിയാണെങ്കിൽ ഇതുവഴി സൈക്കിളിൽ പോകുന്ന കച്ചവടക്കാരുടെ കൈയിൽ നിന്നും മീൻ വാങ്ങി കൊടുക്കാൻ അബൂബക്കർ മറക്കാറില്ല.
സൗഹൃദം തുടർന്നപ്പോൾ സുനിത എന്ന ഓമന പേരും നൽകി. അബൂബക്കർ രാവിലെ മാർക്കറ്റിൽ എത്തി സുനിതേ എന്ന് വിളിച്ചാൽ കൊക്ക് പറന്നു വരും. പരൽ മീൻ ഇല്ലാത്ത സമയങ്ങളിൽ അദ്ദേഹം വില കൂടിയ മത്സ്യം വരെ നൽകാറുണ്ട്.ഇപ്പോൾ നാട്ടുകാരും അബൂബക്കറും സുനിതയും വലിയ സങ്കടത്തിലാണ്. മാർച്ചിൽ മത്സ്യ മാർക്കറ്റിന്റെ ലേലം നടന്ന് വേറെ ആരോ ലേലത്തിൽ പിടിച്ചതോടെ അബൂബക്കറിനു മത്സ്യഭവൻ ഒഴിയേണ്ടിവന്നു. ഇതോടെ സുനിത പട്ടിണിയിലായി.
പൂട്ടികിടക്കുന്ന മാർക്കറ്റിനു മുന്നിൽ ഇന്നലെ രാവിലെ അബൂബക്കറിന്റെ വരവും കാത്ത് നിൽക്കുന്ന കൊക്കിനെ കണ്ടപ്പോൾ വലിയ സങ്കടമായിരുന്നു ഏവരിലും.കുറച്ച് കഴിഞ്ഞപ്പോൾ അബൂബക്കർ തന്റെ കടയിലെ സാധനങ്ങൾ എടുക്കാൻ വന്നപ്പോഴാണ് സുനിതയെ കാണുന്നത്. അബൂബക്കർ കൈനീട്ടിയപ്പോൾ സുനിത പറന്ന് അരികിൽ വന്നു.
പക്ഷെ അബൂബക്കറിന്റെ കൈയിൽ മീൻ ഇല്ലായിരുന്നു. ഉടൻ അദ്ദേഹം മറ്റൊരാളുടെ പക്കൽ നിന്നു മീൻ വാങ്ങി നൽകി. അത് തിന്ന് സുനിത മത്സ്യഭവനു പിന്നിലെ പുഴയോരത്തേക്ക് നടന്നു. അവിടെ കുറേനേരം നിന്ന ശേഷം പറന്നുപോയി. അബൂബർ ഇല്ലെങ്കിൽ എനിക്ക് എന്തിന് മീൻ എന്നതായിരുന്നു ഭാവം.