ഹരിപ്പാട്: കൊടുംവരൾച്ചയിൽ വന്യജീവികൾ കാടിറങ്ങിയതു പോലെ, കൊക്കുകൾ തങ്ങളുടെ ആവാസകേന്ദ്രങ്ങൾ വിട്ട് തീറ്റ തേടി ജനബാഹുല്യമുള്ള പ്രദേശങ്ങളിലേക്കിറങ്ങി. വരൾച്ചയുടെ നീരാളിപ്പിടിത്തത്തിൽ അകപ്പെട്ട് പുഴകളും നെൽപ്പാടങ്ങളും ക്രമാതീതമായി വറ്റി വരണ്ടതോടെയാണ് കൊക്കുകൾ നാട്ടിലിറങ്ങിയത്. ചെറുമീനുകളെയും ജലജീവികളേയും ഭക്ഷിച്ചിരുന്നു ഇത്തരം പക്ഷികൾ അന്നം മുട്ടിയതോടെ കൂട്ടത്തോടെ നാട്ടിലിറങ്ങുകയായിരുന്നു.
മനുഷ്യരുമായി ഏറെ അകലം പാലിച്ചിരുന്ന ഇവ തീറ്റ തേടി അപ്പർ കുട്ടനാട്, ഓണാട്ടുകര, തീരദേശ മേഖലകളിലെ വീടുകളുടെ അടുക്കള വാതിൽക്കൽവരെയെത്തി. റോഡരികിലെ മത്സ്യവിൽപ്പന കേന്ദ്രങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന കാക്കകളെ തുരത്തിയാണ് പല പ്രദേശങ്ങളും കൊക്കുകൾ കൈയടക്കിയത്. ഇരതേടിയെത്തുന്ന പക്ഷികളെ വേട്ടയാടുന്ന സംഘങ്ങളും പ്രദേശത്ത് സജീവമാണ്.
കുട്ടനാടൻ മേഖലയിൽ മാത്രം കണ്ടിരുന്ന പ്രത്യേക ഇനം കൊക്ക്(കരിമുണ്ടി) ഏതാണ്ട് വംശനാശം സംഭവിച്ചു കഴിഞ്ഞു. ഇര തേടി എത്തുന്ന പക്ഷികളെ വേട്ടയാടുന്ന ക്രൂരത ദുഃഖകരമെന്ന് പക്ഷിസ്നേഹികൾ വിലപിക്കുന്പോഴും പക്ഷിവേട്ട നിർബാധം തുടരുകയാണ്.