വടക്കഞ്ചേരി: ദേശാടനപക്ഷികൾക്കു വാസമൊരുക്കുന്ന നാടാണ് വടക്കഞ്ചേരി ടൗണിനടുത്തുള്ള പാളയം ഗ്രാമം. വിവിധയിനം ദേശാടന പക്ഷികളുടെ ഇടത്താവളമാണ് ഈ പ്രദേശം. കൊക്കിനത്തിൽപ്പെട്ടവയാണ് ഇപ്പോൾ കൂടുതൽ. കൊക്കെന്ന് പറഞ്ഞാൽ ഇവ ചെറുതൊന്നുമല്ല. രണ്ടുംമൂന്നും കിലോ തൂക്കംവരുന്ന പെണ്മയിലിന്റെ വലുപ്പമുള്ള വന്പ·ാർ.
ഓരോ സീസണിലും മാറിമാറി വരും ഈ പക്ഷിക്കൂട്ടങ്ങൾ. ഇപ്പോൾ വന്നു കൂടിയവരാണ് കൊക്ക് ഭീമൻമാർ. നീണ്ടു വളഞ്ഞ കറുത്ത കൊക്കും വെള്ളത്തൂവലുകളുമായി ദൂരകാഴ്ച തന്നെ മനോഹരമാണ്. വവ്വാൽ, കാക്ക എന്നിവക്ക് പുറമെയാണ് കൊക്ക് പടകൾ പ്രദേശത്ത് നിറയുന്നത്.
അഭയാർത്ഥി ക്യാന്പ് പോലെയാണ് ഇവിടുത്തെ തെങ്ങിൻ മണ്ടകൾ. മണ്ടയുടെ കൊരലിലാണ് ഇവ താത്കാലിക കൂടൊരുക്കുന്നത്. ഇതിൽ മുട്ടയിടുന്നവരും മുട്ടവിരിഞ്ഞ കുഞ്ഞുങ്ങളുമൊക്കെയായി കലപില ശബ്ദമാണ്. ചിലപ്പോൾ മുട്ടയും കുഞ്ഞും താഴേയ്ക്കും വീഴും.
കാഴ്ചയ്ക്ക് കാണാൻ ചന്തമുണ്ടെങ്കിലും ഇവിടുത്തെ താമസക്കാരുടെയും കർഷകരുടെയും ദുരിതം ചെറുതല്ല. ഉയരമുള്ള വൃക്ഷങ്ങളൊന്നും ഇവിടെ പിടിപ്പിക്കാനാവില്ല. അങ്ങനെ ഏതെങ്കിലും മരമുണ്ടെങ്കിൽ അതിലെല്ലാം കൊക്ക് കൂട്ടമുണ്ടാകും.ഇവയുടെ കാഷ്ഠം വീണാൽ പച്ചിലപോലും കരിഞ്ഞുപോകും.
അസിഡിറ്റി കൂടുതലാണത്രെ ഇവയുടെ കാഷ്ഠത്തിന്. കടുത്ത ദുർഗന്ധവുമുണ്ടാകും. വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി. മരങ്ങളെല്ലാം വെള്ളപുതച്ച മട്ടിലാണ് ഇവയുടെ കാഷ്ഠം നിറഞ്ഞു മൂടികിടക്കുന്നത്. കാട്ടാനയെ പേടിച്ച് മലയോരവാസികൾ വാഴ വെട്ടിനശിപ്പിക്കുന്നതുപ്പോലെയാണ് ഇവിടുത്തുകാർ ദേശാടന പക്ഷികളെ അകറ്റാൻ വീട്ടുമുറ്റത്തെ മാവ് ഉൾപ്പെടെയുള്ളവ വെട്ടിനീക്കുന്നത്.
കൂട്ടിലെ കുഞ്ഞുങ്ങളുടെ തീറ്റയ്ക്കായി കൊണ്ടുവരുന്ന ജലജീവികളുടെ അവശിഷ്ടങ്ങൾ താഴെ വീണുണ്ടാകുന്ന പ്രശ്നങ്ങൾ വേറെ. കിണറുകളെല്ലാം ഉപയോഗശൂന്യമാകുന്ന സ്ഥിതി. വൈകുന്നേരമായാൽ കൊക്ക്, കാക്ക തുടങ്ങി പക്ഷി പടകൾ കൂടണയാൻ എത്തുന്ന തിരക്ക്. സന്ധ്യ മയങ്ങിയാൽ ഇരതേടാൻ പറക്കുന്ന വവ്വാൽ കൂട്ടങ്ങൾ. നല്ല വലിപ്പമുള്ള വവ്വാലുകളാണ് ഇവിടുത്തെ റബർ തോട്ടത്തിലെ താമസക്കാർ.
പതിറ്റാണ്ടുകളായി പാളയം പറവകളുടെ നാടാണ്. എന്തുകൊണ്ടാണ് വിദേശയിനം പക്ഷികൾവരെ ഇവിടെ എത്തുന്നുവെന്നതിന് വ്യക്തമായ ഉത്തരമില്ല. ഇവിടെ വളഞ്ഞൊഴുകുന്ന പുഴയുണ്ട്. കുറച്ച് വടക്കോട്ട് നീങ്ങിയാൽ രണ്ടുപുഴകളുടെ സംഗമ സ്ഥാനമുണ്ട്. സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു ചുറ്റുമുള്ള ഇവിടെ ജനസാന്ദ്രതയും കൂടുതലാണ്.
ഇവിടുത്തെ മനുഷ്യരുടെ സ്നേഹകൂടുതലും കരുതലും കൊണ്ടാണ് പക്ഷികൾ പാളയത്തെ സുഖവാസകേന്ദ്രമായി തെരഞ്ഞെടുത്തതെന്ന വാദവുമുണ്ട്. എന്തായാലും പാളയം പറവകൾക്ക് പറുദീസയാകുന്പോൾ എല്ലാം സഹിച്ച് പക്ഷികളെ ഉപദ്രവിക്കാതെ ഇവിടെ കഴിയുന്ന മനുഷ്യരെ സമ്മതിക്കണം.