കാക്കനാട്: നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനു പിന്നാലെ നോക്കുകൂലി വാങ്ങിയ 13 തൊഴിലാളികളുടെ ലേബർ കാർഡ് തൊഴിൽ വകുപ്പു റദ്ദാക്കി. ഇടക്കാട്ടുവയൽ 27-ാം നമ്പർപൂളിലെ ലോഡിംഗ് അണ്‍ലോഡിംഗ് ജനറൽ വർക്കേഴ്സ് യൂണിയനിലെ (ഐഎൻടിയുസി ) തൊഴിലാളികൾക്കെതിരേയാണു നടപടി.
ഇടക്കാട്ടുവയൽ പട്ടികജാതി കോളനിയിൽ ലൈഫ്മിഷൻ ഭവന പദ്ധതിക്ക് ഇഷ്ടിക ഇറക്കുന്ന ജോലി ചെയ്യാതെ കൂലി വാങ്ങിയെന്നാണു പരാതി. കഴിഞ്ഞ 12നു പണിസ്ഥലത്തെത്തിയ ഇഷ്ടിക ലോറിയിൽനിന്നു കരാറുകാരന്റെ ആളുകളാണ് ഇഷ്ടിക ഇറക്കിയത്.
13നു വന്ന ലോറിയിൽനിന്ന് ഇഷ്ടിക ഇറക്കിയപ്പോഴാണു തലേദിവസം ഇഷ്ടിക ഇറക്കിയ വിവരം തൊഴിലാളികൾ അറിയുന്നത്. ഇതറിഞ്ഞ ഉടൻ ഒരു ലോഡ് ഇഷ്ടിക ഇറക്കുന്നതിന് 900 രൂപ പ്രകാരം രണ്ട് ലോഡിന്റെ ഇറക്കുകൂലി വാങ്ങിച്ചതായാണു പരാതി.
റീജണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ നിർദേശ പ്രകാരം ജില്ലാ ലേബർ ഓഫീസർ മുഹമ്മദ് സിയാദ് നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടു. തുടർന്നു ബന്ധപ്പെട്ട തൊഴിലാളികളുടെ ലേബർ കാർഡ്കൾ റദ്ദ് ചെയ്ത് നടപടി സ്വീകരിക്കാൻ ഡപ്യൂട്ടി ലേബർ കമ്മീഷണറെ ചുമതപ്പെടുത്തുകയായിരുന്നു.
തൊഴിലാളികൾക്കെതിരേ നടപടിയെടുക്കാൻ ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറോടും റീജണൽ ജോയിന്റ് ലേബർ കമ്മീഷണർ നിർദേശം നൽകി.