നവാസ് മേത്തർ
തലശേരി: ബിജെപി പ്രവർത്തകൻ ധർമടം അണ്ടല്ലൂർ ചോമന്റെവിട സന്തോഷ് കുമാറിനെ (53) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുൾപ്പെടെ ആറ് സിപിഎം പ്രവർത്തകരെ ജില്ലാ പോലീസ് മേധാവി കെ.പി. ഫിലിപ്പ്, ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, ടൗണ്‍ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, പാനൂർ സിഐ കെ.എസ്. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനുള്ളിൽ ടൗണ്‍ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ വ്യാപകമായ റെയ്ഡിലാണ് കൊലയാളി സംഘം പിടിയിലായത്. വലയിലാക്കിയശേഷം നടത്തിയ നിരന്തരമായ ചോദ്യം ചെയ്യലിനും നിരീക്ഷണത്തിനും ഒടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. കൊല നടത്തിയത് എട്ടംഗ സംഘമാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ ജില്ലയിലെ കൊലപാതക രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികൾ വലയിലാകുന്നത്.
ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി അണ്ടല്ലൂരിലെ രോഹൻ (29), അണ്ടല്ലൂർ മണപ്പുറം വീട്ടിൽ മിഥുൻ (27), അണ്ടല്ലൂർ ലീലറാമിൽ പ്രജുൽ (25), പാലയാട് ഷാഹിനം വീട്ടിൽ ഷമിൽ (26), പാലയാട് തോട്ടുമ്മൽ വീട്ടിൽ റിജേഷ്(27), പാലയാട് കേളോത്ത് വീട്ടിൽ അജേഷ്(27) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.ബ്രണ്ണൻ കോളജിൽ വച്ച് ഡിവൈഎഫ് പ്രവർത്തകൻ അരിലിനെ വെട്ടിയതിന്റെ പ്രതികാരമായിട്ടാണ് സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.അരിലിന്റെ അടുത്ത സുഹൃത്തുക്കളാണ് പ്രതികൾ.
ഒരു വിവാഹ വീട്ടിൽ വെച്ച് മദ്യപിച്ച ശേഷമാണ് എട്ടംഗ സംഘം രാത്രി പത്തോടെ സന്തോഷിന്റെ വീട്ടിൽ എത്തിയത്. വാതിൽ മുട്ടിയ ഉടൻ സന്തോഷ് വാതിൽ തുറന്നു. എന്നാൽ ആയുധങ്ങളുമായി അക്രമികളെ കണ്ടതോടെ സന്തോഷ് വാതിൽ അടച്ചു. തുടർന്ന് അക്രമികൾ വാതിൽ ചവിട്ടി പൊളിച്ച് അകത്തു കടന്ന് സന്തോഷിനെ വെട്ടി വീഴ്ത്തുകയായിരുന്നു. ഒരാൾ വാളു കൊണ്ട് കൊത്തുകയും മറ്റൊരാൾ കഠാര കൊണ്ട് കുത്തുകയും ചെയ്തതായി പ്രതികൾ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
രാത്രി പത്തിന് അക്രമത്തിനിരയായ സന്തോഷിനെ 11.15 നാണ് സ്ഥലത്തെത്തിയ ടൗണ്‍ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. വെട്ടേറ്റ് ഒരു മണിക്കൂർ ചികിൽസ കിട്ടാത്തതിനെ തുടർന്ന് രക്തം വാർന്നാണ് സന്തോഷ് മരണമടഞ്ഞത്. സന്തോഷിനെ ആശുപത്രിയിലെത്തിച്ച ശേഷം സിഐയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ വ്യാപകമായ റെയ്ഡിലാണ് കൊലയാളി സംഘത്തിലെ ആറംഗങ്ങൾ ഉൾപ്പെടെ എട്ട് പേർ വലയിലായത്.
ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് ഒടുവിൽ പ്രതികൾ കുറ്റം സമ്മതിച്ചത്. പ്രതികളുടെ ഫോണ്‍ കോളുകളുടെ വിശദ വിവരങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിരുന്നു. കൊല നടത്തിയ ശേഷം പ്രതികൾ വീട്ടിലെത്തിയ ഉടൻ തന്നെ പോലീസ് സംഘവും പ്രതികളുടെ വീടുകളിൽ എത്തിയിരുന്നു. ആസൂത്രിതമായ പോലീസ് നീക്കമാണ് റെക്കോർഡ് വേഗതയിൽ പ്രതികൾ വലയിലാകാൻ വഴിയൊരുക്കിയത്. ബുധനാഴ്ച രാത്രിയിലാണ് സന്തോഷ് കൊല്ലപ്പെട്ടത്.