പരിയാരം: വീട്ടില്‍ നിന്നു ബലമായി പിടിച്ചുകൊണ്ടുപോയി യുവാവിനെ കൊലപ്പെടുത്തി റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ബക്കളം പുന്നക്കുളങ്ങരയിലെ മോട്ടന്‍റകത്ത് അബ്ദുള്‍ ഖാദറിനെ ബക്കളം പുന്നക്കുളങ്ങരയിലെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍ തളിപ്പറന്പ് സിഐ കെ.ഇ.പ്രേമചന്ദ്രന്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെല്ലാം വായാട് സ്വദേശികളാണ്.
കേളോത്ത് ശിഹാബുദ്ദീന്‍ (27), സി.ടി.മുഹാസ് (21), എം.അബ്ദുള്ള (25), കെ.സി.നൗഷാദ് (24), പി.വി.സിറാജ ്(28) എന്നിവരാണ് അറസ്റ്റിലായത്. മുന്‍വിരോധമാണു കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ശിഹാബുദ്ദീന്‍ ഖത്തറില്‍ നിന്നും നാട്ടില്‍ അവധിക്കു വന്നതായിരുന്നു. ഇയാളുടെ പിതാവിന്‍റെ കട മുന്പ് ഖാദര്‍ നശിപ്പിച്ചിരുന്നതായി പറയുന്നു. നൗഷാദിന്‍റെ ബൈക്കും രണ്ടുവര്‍ഷം മുന്പു ഖാദര്‍ കത്തിച്ചിരുന്നുവെന്നു പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
കാലിനും കൈകള്‍ക്കും വെട്ടേറ്റ നിലയിലുള്ള ഖാദറിന്‍റെ മൃതദേഹത്തില്‍ 42 മുറിവുകളുണ്ടെന്നു പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. 25 ന് രാവിലെയാണു നാട്ടുകാര്‍ വായാട് പള്ളിക്കു സമീപം റോഡരികില്‍ ഖാദറിന്‍റെ മൃതദേഹം കണ്ടെത്തിത്. അന്ന് പുലര്‍ച്ചെ നാലോടെയാണു ബക്കളം പുന്നക്കുളങ്ങരയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഖാദറിനെ വാതിലില്‍ മുട്ടി വിളിച്ചുണര്‍ത്തി കാറില്‍ പിടിച്ചുകൊണ്ടുപോയത്. പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു.
ഖാദറിനെ പിടിച്ചുകൊണ്ടുപോയ സംഘത്തില്‍ പത്തിലധികം പേര്‍ ഉണ്ടായിരുന്നതായി മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ഖാദറിനെ പിടിച്ചുകൊണ്ടുപോയത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ബക്കളം പുന്നക്കുളങ്ങര റോഡിലെ ഒരു സ്ഥാപനത്തിന്‍റെ സിസിടിവി കാമറയില്‍ പതിഞ്ഞതു പോലീസ് പരിശോധിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവാനിടയുണ്ടെന്നാണു സൂചന. വായാട്ടെ ചിലരുടെ വസ്തുവകകള്‍ നശിപ്പിച്ചതിലും അഗ്‌നിശമന നിലയത്തിലും മെഡിക്കല്‍ കോളജിലും ടാക്‌സി സ്റ്റാന്‍റിലും ഫോണ്‍വിളിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും മോഷണങ്ങള്‍ നടത്തിയതിലും അക്രമങ്ങള്‍ നടത്തിയതിനും ഖാദറിന്‍റെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.