കൊച്ചി: വൈറ്റില ജനത ജംഗ്ഷനിൽ ഇന്നലെ പട്ടാപ്പകലുണ്ടായ അരുംകൊല നഗരവാസികൾക്കു നടുക്കമായി. ഉച്ചകഴിഞ്ഞു മൂന്നോടെയാണു ഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. ഉഴുന്നുവടയുടെ രുചിവ്യത്യാസത്തെച്ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിലെത്തുകയായിരുന്നു.
തര്‍ക്കത്തെത്തുടര്‍ന്നു പെട്ടെന്നുണ്ടായ ദേഷ്യം കവര്‍ന്നെടുത്തത് ഒരു കുടുംബത്തിന്റെ തന്നെ അത്താണിയെയാണ്. വൈറ്റില ജനത ജംഗ്ഷനില്‍ സിബി എന്ന ഹോട്ടല്‍ നടത്തുന്ന ജോണ്‍സണിനാണു (ആല്‍ബി-48) ജീവൻ നഷ്ടപ്പെട്ടത്. ഹോട്ടല്‍ നടത്തി ലഭിക്കുന്ന വരുമാനംകൊണ്ടാണു ജോണ്സണ് കുടുംബം പുലര്‍ത്തിയിരുന്നത്.
എസ്എ റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കൊച്ചി കോര്പറേഷന് നിര്‍മിച്ചു നല്കിയ കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹോട്ടലിന് മുകളിലെ മുറിയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ജോണ്സണ് മൂന്നുവര്‍ഷം മുമ്പാണു സ്വന്തമായി ഒരു വീട് നിര്‍മിച്ച് അങ്ങോട്ടേക്ക് താമസം മാറിയത്.
വീടിന്റെ എല്ലാ പണികളും പൂര്‍ത്തീകരിച്ചിട്ട് നാലുമാസമേ ആയിരുന്നുള്ളൂ. ജോൺസണിന്റെ മൂത്തമകന് എബി എറണാകുളം ചിന്മയ കോളജില്‍ ബിഎ എക്കണോമിക്സ് വിദ്യാര്‍ഥിയാണ്. ഇളയമകന് സിബി തേവര സിസിപിഎല്‍എം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും. കൊലയുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശിയായ രതീഷിനെ പോലീസ് അന്വേഷിച്ചുവരുന്നു.
2016 ജൂണില്‍ പുല്ലേപ്പടിയില്‍ മാനസികരോഗിയായ ആള് പത്തു വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനുശേഷം നടന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകമാണു വൈറ്റിലയിൽ ഇന്നലെ പട്ടാപ്പകൽ നടന്നത്. അന്ന് അജി ദേവസ്യയാണ് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ റിസ്റ്റിയെ കുത്തിക്കൊലപ്പെടുത്തിയത്.
2016 നവംബറിൽ കാക്കനാട് പടമുകളില്‍ എടിഎം മോഷണശ്രമത്തില്‍ ഒറ്റുമെന്ന പേടിയില്‍ കൂട്ടാളിയെ ഉത്തരേന്ത്യന്‍ സ്വദേശി കൊലപ്പെടുത്തിയിരുന്നു.