വടക്കഞ്ചേരി: പാലക്കുഴി കൽക്കുഴിമലയിൽ കർഷകനായ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അയൽവാസികളായ നാലുപേരെ ആലത്തൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൽക്കുഴി ഗംഗാധരൻ (48), മൂലങ്കോട് അങ്ങോട് ഉണ്ണികൃഷ്ണൻ (45), കോരഞ്ചിറ നാവിളിൻചോല മോഹനൻ (45), കൽക്കുഴി കളത്തിങ്കൽ അനിൽകുമാർ (33) എന്നിവരെയാണ് സിഐ പി.എസ്.സുനിൽകുമാർ, എസ്ഐ ബോബിൻ മാത്യു, എസ്ഐ ഗോപകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.
ഗംഗാധരനും ഉണ്ണികൃഷ്ണനും സഹോദരങ്ങളാണ്. ഗംഗാധരനാണ് മുഖ്യപ്രതി. കൊല്ലപ്പെട്ട കാരക്കുന്നേൽ സുകു(52)വിനെ കൊടുവാൾകൊണ്ട് കൈയ്ക്കുവെട്ടി മാരകമായി മുറിവേല്പിച്ചതു ഗംഗാധരനാണെന്നു സിഐ പറഞ്ഞു. ഇടതു-വലതു കൈകൾക്കേറ്റ മാരകമുറിവിലൂടെ രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചത്.
യഥാസമയം വാഹനം കിട്ടാത്തതും പ്രാഥമിക ചികിത്സ ലഭിക്കാൻ 25 കിലോമീറ്ററോളം ദൂരം മലയോരമേഖല താണ്ടേണ്ടിവന്നതും മരണ കാരണമായി. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: കൽക്കുഴിമലയിലെ അയൽവാസികളും പരിചയക്കാരും സമീപത്തു കൃഷി നടത്തുന്നവരുമാണ് മരിച്ച സുകുവും പ്രതികളായ നാലുപേരും.
ഒരുമാസംമുന്പ് സുകുവിന്റെ പക്കൽനിന്നും പ്രതി മോഹനൻ കൃഷിപ്പണിക്കായി വാക്കത്തി വാങ്ങിയിരുന്നു. എന്നാൽ പണികഴിഞ്ഞു തിരിച്ചുകൊടുക്കുന്പോൾ വാക്കത്തിയുടെ മൂർച്ചയുള്ള ഭാഗം കേടുവന്നു. ഇതുസംബന്ധിച്ച് പിന്നീടു വഴക്കും തുടർന്നു. വാക്കത്തി മൂർച്ചകൂട്ടി തരാമെന്നു പ്രതികളും ഇടയ്ക്കിടെ സുകുവിനോടു പറഞ്ഞിരുന്നു.
കൊലപാതകം നടന്ന ഞായറാഴ്ച വൈകുന്നേരവും വാക്കത്തി വിഷയവും മലയിലെ ഉറവയിൽനിന്നു ഹോസ് ഉപയോഗിച്ച് വെള്ളം എടുക്കുന്നതിനെച്ചൊല്ലിയും വാക്കുതർക്കവും വഴക്കുമുണ്ടായി. എല്ലാവരും നന്നായി മദ്യപിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തമ്മിലും വഴക്കുണ്ടായി. വഴക്കുമൂത്ത സമയത്താണ് ഗംഗാധരൻ സ്ഥലത്തെത്തിയത്. പിന്നീട് അവിടെനിന്നും കിട്ടിയ കൊടുവാൾകൊണ്ട് സുകുവിന്റെ കൈകളിൽ വെട്ടി. മുറിവുകൾ എല്ലു പുറത്തേക്കു കാണുംവിധം ആഴത്തിലുള്ളതായിരുന്നു.
പരിക്കേറ്റ സുകുവിനെ മലയിൽനിന്നും താഴെയിറക്കി വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇതിനിടെ, സംഭവസ്ഥലത്തുവച്ച് ഗംഗാധരന്റെ പതിനേഴുകാരിയായ മകൾ ഗ്രീഷ്മയ്ക്കും പരിക്കേറ്റിരുന്നു. ഗ്രീഷ്മയെ ആശുപത്രിയിലേക്കു കൊണ്ടുവരുന്നതിനിടെയാണ് പ്രതികളെക്കുറിച്ചു സൂചന ലഭിച്ചു പിടികൂടിയതെന്നു പോലീസ് പറഞ്ഞു.