ആറ്റിങ്ങല്: ചിറയിന്കീഴില് നടന്ന രണ്ട് കൊലപാതകക്കേസുകളില് അഞ്ച്പേരെ പോലീസ് അറസ്റ്റ്ചെയ്തു. ചിറയിന്കീഴ് പുതുക്കരി മുക്കാലുവട്ടം തെങ്ങടിയില്വീട്ടില് ബിനു(35)കൊല്ലപ്പെട്ട കേസില് പുളിമൂട്ടില്കടവ് വലിയവിളാകംവീട്ടില് സെനില്(45), വടക്കേ അരയത്തുരുത്തി കായല്വാരംവീട്ടില് കിരണ്ബാബു (25), പുളിമൂട്ടില്കടവ് പണ്ടകശാല ലളിതാനിവാസില് ബിജു(40) എന്നിവരും മുടപുരം എന്ഇഎസ് ബ്ലോക്കിന് സമീപം നിസാര് മന്സിലില് നിസാര്(36) കൊല്ലപ്പെട്ട കേസില് കുറക്കട ആക്കോട്ടുവിള ചരുവിളപുത്തന്വീട്ടില് അജിത് (24), കിഴുവിലം കാട്ടുംപുറം മേലേതുണ്ടുവിളാകത്തുവീട്ടില് അനീഷ് (അപ്പു-23) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നത് ഇങ്ങ നെ: മാര്ച്ച് 29 ന് രാത്രി ഏഴിനും 7.30 നും ഇടയിലാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. ബിനുവിനെ ചിറയിന്കീഴ് പണ്ടകശാലയിലും നിസാറിനെ തെന്നൂര്ക്കോണം മൂലയില്ത്തോട്ടം കുളത്തിനു സമീപത്തുമാണ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. വാക്ക്തര്ക്കമാണ് രണ്ട് കൊലപാതകങ്ങള്ക്കുമിടയാക്കിയത്.അറസ്റ്റിലായപ്രതികളുമായുണ്ടായ വാക്കുതര്ക്കത്തെത്തുടര്ന്ന് ബിനു സെനിലിനെ മര്ദിച്ചു. ഇതില് പ്രകോപിതരായ പ്രതികള് ഇരുമ്പ്കമ്പി ഉപയോഗിച്ച് ബിനുവിന്റെതലയ്ക്കടിച്ചു.
ഈ അടിയലുണ്ടായ മുറിവാണ് ബിനുവിന്റെ മരണത്തിനിടയാക്കിയത്. നിസാറിന്റെ സുഹൃത്തിനെ അജിത്തും അനീഷും ചേര്ന്ന് മര്ദിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് മൂലൈവിളാകം കലുങ്കില് അജിത്തും അനീഷും ഇരിക്കുന്നത് കണ്ട് അവിടെയെത്തിയ നിസാര് സുഹൃത്തുമായുള്ള വിഷയം പരിഹരിക്കുന്നതിന് ഇവരുമായി സംസാരിച്ചു. ഈ സംഭാഷണം വാക്കേറ്റത്തിലെത്തി. തുടര്ന്ന് പ്രതികള് നിസാറിനെ തോട്ടില്തള്ളിയിട്ട് മര്ദിക്കുകയും തല കോണ്ക്രീറ്റ് കെട്ടില് പിടിച്ചിടിക്കുകയും ചെയ്തു. ഇതാണ് നിസാറിന്റെ മരണത്തിലേക്ക് നയിച്ചത്.
രക്ഷപ്പെടാന് ശ്രമം നടത്തുന്നതിനിടെയാണ് പ്രതികള് പിടിയിലായത്. റൂറല് എസ്. പി. അശോക് കുമാറിന്റെ നിര്ദേശപ്രകാരം ആറ്റിങ്ങല് എഎസ്പി ആര്.ആദിത്യയുടെ നേതൃത്വത്തില് ആറ്റിങ്ങല് സിഐ ജി. സുനില്കുമാര്, ചിറയിന്കീഴ് എസ്ഐ എച്ച്.എല്.സജീഷ്, എസ്ഐമാരായ പ്രസാദ്ചന്ദ്രന്, ജയന്, എഎസ്ഐമാരായ ഷെരീഫ്, അനില്, ജിഎസ്ഐ ജയന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.