മങ്കൊന്പ്: വീടിനുള്ളിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃസഹോദരൻ പരിക്കേറ്റ നിലയിൽ പോലീസിൽ കീഴടങ്ങി. കൈനകരി സ്വദേശി ബിജുവിന്റെ ഭാര്യ റോസി(30) ആണ് മരിച്ചത്. ബിജുവിന്റെ ജ്യേഷ്ഠ സഹോദരൻ ശാരീരിക ന്യൂനതയുള്ള ബോണി (45) ആണ് പോലീസിൽ കീഴടങ്ങിയത്. ഇരുകൈകളിലും മുറിവേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.
സംഭവത്തെപ്പറ്റി പോലീസും നാട്ടുകാരും പറയുന്നതിങ്ങനെ: ബിജുവും കുടുംബവും പ്രതി ബോണിയും ഒരേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംഭവസമയത്ത് കൊല്ലപ്പെട്ട റോസി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സമീപത്തെ വീടുകളിലും ആരുമുണ്ടായിരുന്നില്ല. ഭർത്താവ് ബിജു ജോലിക്കു പോയിരിക്കുകയായിരുന്നു. മൂത്തകുട്ടി റോസിയുടെ കുടുംബവീട്ടിലും ഇളയകുട്ടി അങ്കണവാടിയിലുമായിരുന്നു.
12ഓടെ ഇളയ കുട്ടിയെ വിളിക്കാൻ റോസി അങ്കണവാടിയിലെത്താതിരുന്നതിനെ തുടർന്ന് അധ്യാപിക കുട്ടിയുമായി ഇവരുടെ വീട്ടിലെത്തി. വാതിലിനടുത്തെത്തിയപ്പോൾ രക്തക്കറ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് വീടിനുള്ളിൽ ചലനമറ്റനിലയിൽ കമിഴ്ന്നു കിടക്കുന്ന റോസിയെ കണ്ടത്. ഇതേസമയം, റോസിയെ ആക്രമിച്ച പ്രതി ബോണി മുറിവേറ്റ കൈകളുമായി നെടുമുടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നാട്ടുകാരെത്തി ഏറെ വൈകുംമുന്പേ പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.
വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. യുവതിയുടെ വയറിലും നെഞ്ചിലും കഴുത്തിനു പിന്നിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പോലീസ് എത്തുന്പോൾ ആക്രമണത്തിനുപയോഗിച്ച കത്തി റോസിയുടെ ശരീരത്തിൽ തുളച്ചുകയറിയ നിലയിലായിരുന്നു.
നെടുമുടി പോലീസ് ആംബുലൻസിൽ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അതേസമയം, താനാണ് ആദ്യം ആക്രമണത്തിനിരയായതെന്നും പരിക്കേറ്റപ്പോഴാണ് പ്രത്യാക്രമണം നടത്തിയതെന്നുമാണ് പ്രതി പോലീസിനോടു പറഞ്ഞു.
വിവരമന്വേഷിച്ച് പോലീസ് വീട്ടിലെത്തിയപ്പോഴാണ് ആക്രമണം കൊലപാതകത്തിൽ കലാശിച്ച വിവരമറിയുന്നത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ചേന്നങ്കരി സെന്റ് ജോസഫ് പള്ളിയിൽ ഇന്നു ഉച്ചകഴിഞ്ഞു മൂന്നിനു സംസ്കരിക്കും.