കൊല്ലങ്കോട്: മുതലമടയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. സംഭവത്തിൽ പൊള്ളാച്ചി അങ്കലകുറിശി സ്വദേശി ശെൽവരാജ്, ചെമ്മണാംപതി സന്പത്ത് എന്നിവർ പോലീസ് നിരീക്ഷണത്തിലാണ്.ആട്ടയാംപതി പരേതനായ ദൊരൈസ്വാമി- മാരിയാൾ ദന്പതികളുടെ മകൾ റാണി (40)യാണ് ബുധനാഴ്ച രാത്രി ഒന്പതിന് കൊല്ലപ്പെട്ടത്.
പഴനിയിൽ താമസിക്കുന്ന മുരുകേശനാണ് മരിച്ച റാണിയുടെ ഭർത്താവ്. ഭർത്താവ് ഉപേക്ഷിച്ച റാണി പൊള്ളാച്ചി അങ്കലക്കുറിശി ശെൽവരാജുമായി (45) ദീർഘകാലം അടുപ്പത്തിലായിരുന്നു. മീങ്കര മീൻകോളനിയിൽ താമസിക്കുന്ന ഇവർ ആറുമാസംമുന്പ് ഇരുവരും പിണങ്ങി. റാണി ചെമ്മണാംപതി സ്വദേശി സന്പത്തുമായി അടുപ്പത്തിലായതാണ് തർക്കങ്ങൾക്കു കാരണം.
കഴിഞ്ഞ ആറുമാസമായി സന്പത്ത് മീങ്കരയിലെ റാണിയുടെ വീട്ടിൽ പതിവായി വന്നുപോകാറുണ്ട്. ബുധനാഴ്ച വൈകുന്നേരവും ഇയാളെ ഇവിടെ കണ്ടിരുന്നതായി അയൽക്കാർ പറഞ്ഞു. ശെൽവരാജിനെ ഗോവിന്ദാപുരത്ത് ബസ് സ്റ്റാൻഡിലും യാത്രക്കാർ കണ്ടിരുന്നു.
ഇന്നലെ രാത്രിയോടെ മീൻകോളനിയിലെത്തിയ ശെൽവരാജ് റാണിയോട് ബൈക്കിന്റെ ആർ.സി.ബുക്കും മറ്റു രേഖകളും ആവശ്യപ്പെട്ടിരുന്നതായും ഇതിനു വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും വാക്കുതർക്കം ഉണ്ടായാതായും പറയപ്പെടുന്നു.
ഒന്പതോടെ ലൈറ്റ് കത്താതിരുന്ന വീട്ടിൽ ടിവി പ്രവർത്തിക്കുന്നതു കണ്ട് അയൽക്കാരിയായ വൃദ്ധ നോക്കിയപ്പോഴാണ് റാണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
തുടർന്ന് പഞ്ചായത്തംഗം കൊല്ലങ്കോട് പോലീസിനെ വിവരമറിയിച്ചു. റാണിയുടെ ശരീരത്തിൽ പതിമൂന്നു സ്ഥലത്ത് കുത്തേറ്റ മുറിവുണ്ട്. ആർ.സി. ബുക്ക് തിരികേ നല്കാത്തതിലും സന്പത്തുമായുള്ള അടുപ്പവുംമൂലം ശെൽവരാജ് റാണിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം.
ഒളിവിൽ കഴിയുന്ന രണ്ടുപേരെയും പിടികൂടിയാൽ മാത്രമേ സംഭവത്തിന്റെ ചുരുളഴിയുകയുള്ളൂവെന്ന് കേസ് അന്വേഷണം നടത്തുന്ന കൊല്ലങ്കോട് സിഐ സി.എൻ.സലീഷ് പറഞ്ഞു.