കൊല്ലങ്കോട്: യുവതിയെ വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മുതലമട സീങ്കര മീൻകോളനി ശെൽവരാജിന്റെ ഭാര്യ റാണി (41) യാണ് കൊല്ലപ്പെട്ടത്. കഴുത്തിലും കൈകാലുകൾക്കും മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി പത്തിനു മുന്പു കൊലപാതകം നടന്നതായാണ് പ്രാഥമിക വിവരം.
രാത്രി പത്തോടെ വീട്ടിൽ ടിവി മാത്രം പ്രവർത്തിക്കുകയും മറ്റു ലൈറ്റുകൾ തെളിഞ്ഞിട്ടില്ലെന്നും കണ്ടതോടെ തൊട്ടടുത്ത വീട്ടിലെ സ്ത്രീ ഇവിടെയെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. റാണി ഈ വീട്ടിൽ രണ്ടാം ഭർത്താവിനൊപ്പമായിരുന്നു താമസം.ആദ്യ ഭർത്താവിൽ രണ്ടു കുട്ടികളുണ്ട്. ഇവർ പഴനിയിലാണ് താമസം.
റാണി രണ്ടാം ഭർത്താവ് ശെൽവരാജുമൊത്ത് ആറുമാസം മുന്പാണ് സീങ്കരയിലെത്തുന്നത്. ആട്ടയാംപതി ദുരൈസസ്വാമി- മാരിയമ്മ ദന്പതികളുടെ മകളാണ്. ഉന്നത പോലീസ് അധികാരികളും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ശെൽവരാജിനെ പൊള്ളാച്ചിയിൽ നിന്നും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.