തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിലെ നടുറോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി. ചിറക്കര ചന്ദ്രി വില്ലയിൽ സന്ദീപിനെ (28) കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സന്ദീപിന്റെ ഭാര്യാപിതാവ് കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം തിരുമംഗലത്ത് പ്രേമരാജനെ (58) യാണ് കസ്റ്റഡിയിൽ വാങ്ങിയത്. തലശേരി ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പ്രതിയുമായി കൊലയ്ക്കുപയോഗിച്ച കത്തി വാങ്ങിയ മലപ്പുറത്ത് തെളിവെടുപ്പ് നടത്തി. പ്രതിയ്ക്ക് കത്തി നിർമിച്ച് നല്കിയ മലപ്പുറം സ്വദേശി ചന്ദ്രനെ പോലീസ് ചോദ്യം ചെയ്തു.
അഞ്ചുമാസം മുന്പാണ് പ്രേമരാജൻ മാൻകൊന്പിൽ തീർത്ത കത്തി നിർമിക്കാനുള്ള ഓർഡർ നല്കിയത്. 5000 രൂപയാണ് വില പറഞ്ഞ് ഉറപ്പിച്ചത്. അടയ്ക്ക പൊളിക്കാനാണ് കത്തിയെന്നാണ് പറഞ്ഞത്. രണ്ടു മാസം മുന്പാണ് കത്തി നിർമിച്ച് കൈമാറിയത്. കത്തിയുടെ വിലയായി 4500 രൂപ നല്കുകയും ചെയ്തതായും ചന്ദ്രൻ നല്കിയ മൊഴിയിൽ പറയുന്നു.
12 പേരിൽ നിന്നും പോലീസ് മൊഴിയെടുത്തു. കൊലപാതകത്തിന് ദൃക്സാക്ഷിയായ സഹോദരി ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്. തെളിവെടുപ്പിന് ശേഷം 22 ന് പ്രതിയെ ഹാജരാക്കും.14 ന് രാവിലെ ഒൻപതോടെ തലശേരി-കൂർഗ് റോഡിൽ ചിറക്കരയ്ക്കു സമീപം പള്ളിത്താഴെ വച്ചാണ് പ്രേമരാജൻ സന്ദീപിനെ കുത്തികൊലപ്പെടുത്തിയത്.
സന്ദീപിന്റെ വീട്ടിലെത്തിയ പ്രേമരാജൻ അല്പം സംസാരിക്കാനുണ്ടെന്നുപറഞ്ഞ് വീടിന്റെ 50 മീറ്റർ അകലെയുള്ള തലശേരി-കൂർഗ് റോഡിലേക്കു കൂട്ടിക്കൊണ്ടുവന്ന് നാട്ടുകാർ നോക്കിനിൽക്കേ കഴുത്തിനു കുത്തുകയായിരുന്നുവത്രെ. പ്രേമരാജൻ ഒറ്റകുത്തിനാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. മകളെ കാണാൻ സ്വന്തം വീട്ടിലേക്ക് അയക്കാത്തതും തന്നെയും തന്റെ ഭാര്യയേയും ഫോണിൽ അസഭ്യം പറഞ്ഞതിനുള്ള വിരോധമാണ് മകളുടെ ഭർത്താവിനെ കൊലപ്പെടുത്താൻ കാരണമെന്നായിരുന്നു പ്രേമരാജന്റെ മൊഴി.