അഗളി: ആളുകളെ കൊല്ലുകയും, നാട് വിറപ്പിക്കുകയും ചെയ്യുന്ന കാട്ടുകൊന്പനെ മയക്കുവെടിവച്ച് പിടികൂടാൻ ഫോറസ്റ്റ് അധികൃതർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം വീണ്ടും ജനവാസകേന്ദ്രത്തിലെത്തിയ കൊന്പൻ വീടു തകർത്തും കൃഷി നശിപ്പിച്ചും ഇന്നലെ പുലർച്ചെ വരെ ചുണ്ടക്കുളം, ചിറ്റൂർ, മിനർവ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി. ദ്രുതകർമസേനയും വനപാലകരും ആനയ്ക്കു പിന്നാലെയുണ്ടെങ്കിലും കാട്ടിലേക്ക് അയയ്ക്കാൻ കഴിഞ്ഞിട്ടില്ല.
ചിറ്റൂരിൽ തണ്ടത്ത് രത്നമ്മയുടെ വീടാണ് കഴിഞ്ഞദിവസം രാത്രി തകർത്തത്. വിധവയായ രത്നമ്മ ബന്ധുവീട്ടിലേക്കു പോയിരുന്നതിനാൽ അനിഷ്ടസംഭവങ്ങളുണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു. വീടിന്റെ മേൽക്കൂരയും ഭിത്തിയും മുൻവശത്തെ ചാർത്തും നിശേഷം തകർത്തു. നാട്ടുകാരും ദ്രുതകർമസേനയും വനപാലകരും നോക്കിനിൽക്കേയാണ് കാട്ടാന വീടുതകർത്തത്. ഷോളയൂർ പഞ്ചായത്തിലെ കിഴക്കേയിൽ പീയൂസിന്റെ വാഴകളും കാട്ടാന നശിപ്പിച്ചു.
ചക്കയും മാങ്ങയും പാകമാകുന്ന സമയമായതിനാൽ ഇനി കാട്ടാന കാടുകയറാൻ സാധ്യതയില്ലെന്നാണ് ജനസംസാരം.
കൂടുതൽ നിരീക്ഷണത്തിനായി വൈൽഡ് ലൈഫ് അസിസ്റ്റന്റ് മനോജ് അട്ടപ്പാടിയിലെത്തിയിട്ടുണ്ട്.ഓരോ വർഷവും ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് അട്ടപ്പാടിയിൽ കാട്ടാന വരുത്തിവയ്ക്കുന്നത്. രണ്ടു മാസത്തിനിടെ അഞ്ചുപേരുടെ ജീവനും കാട്ടാനയുടെ കാൽച്ചുവട്ടിൽ പൊലിഞ്ഞു. വനപാലകർ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിക്കപ്പട്ടിട്ടില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.