ഒരുകാലത്ത് നാട്ടിലെങ്ങും ഭീതി വിതച്ചവൻ, നിരവധി പേരെ കൊന്നവൻ പക്ഷെ ഇന്ന് നാട്ടുകാരുടെ മുന്നില് വീരപരിവേഷം. ഒരിക്കൽ അന്തകനായിരുന്നവൻ ഇന്ന് ദൈവത്തെപ്പോലെ. ഈയൊരു രൂപപരിണാമത്തിന്റെ കഥയാണ് കൊല കൊല്ലി എന്നും ചക്കമാടൻ എന്ന ും വിളിപ്പേരുള്ള ആനയുടേത്. വനം വകുപ്പ് കാട്ടിലൊരുക്കിയ തടവറയിൽ അന്ത്യശ്വാസം വലിച്ച കൊലകൊല്ലി എന്ന കാട്ടുകൊമ്പൻ ഇന്ന് ആദിവാസികൾക്ക് കാട്ടു( ദൈവം)തൈവമാണ്. കാട്ടിലെമ്പാടും അക്രമം നടത്തുകയും 12 പേരെ കൊല്ലുകയും ചെയ്ത ആനയ്ക്കാണ് ഇപ്പോൾ വീരപരിവേഷം.
എന്തിനും ഏതിനും കൊലകൊല്ലി
കോട്ടൂർ പേപ്പാറ കാടുകളിൽ ഏറെ നാളായി ആദിവാസികളുടെ ജീവന് ഭീഷണിയാകുകയും കൃഷികൾ നശിപ്പിക്കുകയും മനുഷ്യരെ വകവരുത്തുകയും ചെയ്ത ഒറ്റയാനെ നാട്ടുകാർ വിളിച്ച പേരാണ് കൊലകൊല്ലി. 2006 ജൂൺ ഒന്നിന് മയക്കുവെടി വച്ച് പിടികൂടിയ ആന 2006 ജൂൺ 17 ന് വനംവകുപ്പിന്റെ കൂട്ടിനകത്ത് വച്ച് ചരിഞ്ഞു.
പിന്നീട് ഈ കാട്ടുകൊമ്പനെ വനത്തിലെ നെല്ലിക്കാപ്പാറ എന്ന സ്ഥലത്ത് കാണിക്കാർ എന്ന ആദിവാസി സമൂഹത്തിന്റെ രീതിയിൽ സംസ്കരിക്കുകയും ചെയ്തു. ആ സ്ഥലമിപ്പോൾ കാണിക്കാരുടെ ആരാധനാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാണിക്കാരുടെ ഏതു ചടങ്ങുകൾ തുടങ്ങിയാലും കൊലകൊല്ലിക്ക് പൂജ നിർബന്ധം.
വിവാഹം, വീട് കയറൽ, കുഞ്ഞിന്റെ നൂൽകെട്ട്, ക്യഷി ആരംഭം തുടങ്ങി മരണാനന്തര കർമങ്ങൾക്കുവരെ കൊലകൊല്ലിയെ നമിക്കണം. ആനയെ സംസ്കരിച്ച നെല്ലിക്കാപാറയിൽ എത്തി വിളക്ക് കത്തിച്ച്, ചന്ദനത്തിരിയും പൊങ്കാലയും നൽകും. വിശേഷദിവസങ്ങളിലും കൊലകൊല്ലി പൂജ നിർബന്ധം. തങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറിയ ആനയെ വീരനായി കാണുന്നതാണ് അഗസ്ത്യവനത്തിലെ സവിശേഷത.
ചക്കപ്രിയൻ
ചക്കമാടൻ എന്ന പേരാണ് ആനയ്ക്ക് ആദ്യമുണ്ടായിരുന്നത്. പഴുത്തചക്ക പ്ലാവിൽ നിന്നും അടർത്തിയെടുത്ത് കഴിക്കുന്ന ആന പിന്നെ അക്രമകാരിയായി മാറി. കോട്ടൂർ കാടുകളിൽ 12 പേരെയാണ് ആന വകവരുത്തിയത്. ആദിവാസി കോളനികളിൽ എത്തി വീട് നശിപ്പിക്കുക, കൃഷിയിടങ്ങൾ നശിപ്പിക്കുക എന്നതു കൂടിയായതോടെ കൊലകൊല്ലി എന്ന പേര് വീണു. നാടുമുഴുവൻ ആനപ്പേടിയിൽ അമർന്നപ്പോൾ ഒറ്റയാനെ പിടിക്കണമെന്ന് ആവശ്യമുയർന്നു.
അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം കോളനിയിൽ എത്തി ആദിവാസികളുടെ പരാതിയും കേട്ടിരുന്നു. തുടർന്ന് മയക്കുവെടി വച്ച് തളയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ജൂൺ ഒന്നിന് സുന്ദരിമുക്ക് എന്ന സ്ഥലത്തു വച്ച് 10.52 ന് ആദിവാസി ഫോറസ്റ്റർ കൂടിയായ അരുൺ മയക്കുവെടി വച്ചു. തുടർന്ന് താപ്പാനകളുടെ സഹായത്തോടെ കൊലകൊല്ലിയെ നെല്ലിക്കാപ്പാറയിലെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ തളച്ചു.
കൊലകൊല്ലിയെ മയക്കുവെടിവച്ച് വീഴ്ത്തിയത് വലിയ വാർത്തയാ യിരുന്നു. വിദേശ മാധ്യമങ്ങൾ വരെ വാർത്ത തയ്യാറാക്കാൻ എത്തിയിരുന്നു ഇവിടെ. കൂട്ടിനകത്ത് തന്നെ വൻ പരാക്രമം നടത്തി കൊലകൊല്ലി. തടവറയിൽ അകപ്പെട്ടതു കാരണം ഭക്ഷണം കഴിക്കാൻ പോലും ആന തയാറായിരുന്നില്ല. പൂർണ്ണ സംരക്ഷണം ഒരുക്കി എന്നു പറയുന്ന സാഹചര്യത്തിലാണ് ജൂൺ 17 ന് ആന ചരിഞ്ഞത്.
ആനയുടെ മരണത്തിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. ആനയെ കൂട്ടിൽ നിന്നും മാറ്റിയില്ലെങ്കിൽ ആനയുടെ ജീവൻ ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കില്ലെന്ന് ആനപ്രേമി സംഘം മുഖ്യമന്ത്രിയെ കണ്ട് പറഞ്ഞിരുന്നു.
മാത്രമല്ല ആനയുടെ പേരിൽ ഒരു കോടി ചെലവാക്കിയ വനം വകുപ്പിന്റെ നടപടിയും വിവാദമായിരുന്നു. അതിനാൽ തന്നെ ആന ചരിഞ്ഞതിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനും മന്ത്രിസഭ ഉത്തരവിട്ടിരുന്നു.
കൊലകൊല്ലി ജീവിതത്തിന്റെ ഭാഗം
ആദിവാസികൾക്കും വനാതിർത്തിയിലെ ഗ്രാമീണർക്കും ഭീഷണിയുയർത്തിയെങ്കിലും ആനയുടെ വേർപാട് ആദിവാസികളെ കണ്ണീരിലാഴ്ത്തി.
അന്ന് മനുഷ്യനെ സംസ്കരിക്കുന്ന രീതിയിൽ തന്നെയാണ് കൊലകൊല്ലി എന്ന ആനയേയും സംസ്കരിച്ചത്. തുടർന്ന് കൊലകൊല്ലി ആന ആദിവാസികളുടെ ഗോത്രസംസ്കാരത്തിന്റെ ഭാഗമായി മാറുകയായിരുന്നു. തങ്ങളുടെ തൈവമായാണ് കൊലകൊല്ലി അവതരിച്ചതെന്നും അതിനാൽ തങ്ങൾ ആരാധിക്കുന്നുവെന്നും കാട്ടുമൂപ്പൻ ശീതങ്കൻ കാണി പറയുന്നു.
സുനിൽ കോട്ടൂർ