പത്തനംതിട്ട: അമിതഭാരവുമായി പായുന്ന ടിപ്പറുകളും ടോറസുകളും നിരത്തുകളിൽ നടത്തുന്നത് കടുത്ത നിയമലംഘനം. ടോറസുകളുടെ കാബിനുകൾ പൂർണമായി അടച്ചതോടെ ഇവയ്ക്ക് ഡ്രൈവർമാർക്കൊപ്പം സഹായികൾ ഉണ്ടാകണമെന്ന് ചട്ടത്തിലുണ്ട്. എന്നാൽ ടോറസുകളിൽ ഹെൽപ്പർമാർ ഉണ്ടാകില്ല.
കാബിനുകൾ അടച്ചിട്ടുള്ളതിനാൽ ഡ്രൈവർമാർക്ക് റോഡിന്റെ ഇടതുപിൻവശം വ്യക്തമായി കാണാനാകാത്ത സാഹചര്യമുണ്ട്. ഇടതുവശത്തുകൂടി നടന്നുവരുന്നവർ, ഇരുചക്രവാഹന യാത്രക്കാർ എന്നിവരെ ശ്രദ്ധിക്കാൻ കഴിയാതെ അപകടങ്ങളുണ്ടാകുന്നു. കഴിഞ്ഞദിവസം ചെറുകോൽ കിളിയാനിക്കൽപടിയിൽ അപകടത്തിൽപെട്ട ടോറസിലും ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്.
വഴിയിലൂടെ നടന്നുവന്നയാളെ ഡ്രൈവർ ശ്രദ്ധിച്ചിരുന്നില്ലെന്ന് സ്പഷ്ടം. എഴുമറ്റൂരിലും കിളിയാനിക്കലുമായി രണ്ട് കാൽനട യാത്രക്കാരാണ് കഴിഞ്ഞദിവസം ടിപ്പറിനും ടോറസിനും അടിയിൽപെട്ട് മരിച്ചത്. ടിപ്പർ, ടോറസ് വാഹനങ്ങളുടെ അമിതവേഗം, അമിതഭാരം എന്നിവ സംബന്ധിച്ച പരാതികളും വ്യാപകമാണ്. ഇവയിലും കർശന നടപടികളുണ്ടാകുന്നില്ല.
യാത്രയ്ക്കിടയിൽ ഡ്രൈവർമാരുടെ മൊബൈൽ ഉപയോഗം ഏറ്റവുമധികം കണ്ടുവരുന്നതും ടിപ്പറുകളിലാണ്. പുലർച്ചെയുള്ള ടിപ്പറുകളുടെ ഓട്ടമാണ് മറ്റൊരു ഭീഷണി. ഈ സമയത്ത് റോഡുകളിൽ വാഹന പരിശോധന കുറവായതിനാൽ പരമാവധി വേഗത്തിലാണ് യാത്ര. ഒറ്റപ്പെട്ടുവരുന്ന വാഹനങ്ങളുമായി അപകടമുണ്ടാകാൻ ഇതു കാരണമാകുന്നു.
അമിതഭാരവുമായാണ് പുലർച്ചെയുള്ള യാത്ര. ജില്ലയ്ക്കു പുറത്തേക്കുള്ള എല്ലാ ട്രിപ്പുകളും പുലർച്ചെ രണ്ടു മുതൽ ആരംഭിക്കുകയാണ് പതിവ്. രാവിലെ സ്കൂൾ സമയത്തിന്റെ ഇടവേളയിൽ ഇടവഴികൾ കേന്ദ്രീകരിച്ച് ടിപ്പറുകളുടെ യാത്ര ഉണ്ട്. രാവിലത്തെ ഇടവേളയിൽ റോഡുകളിൽ വരിയായി കാത്തുകിടക്കുന്നവ നിയന്ത്രണ സമയം കഴിഞ്ഞാൽ പിന്നെ ഒന്നിച്ചുതന്നെ നിരത്തിലേക്കിറങ്ങുകയാണ് പതിവ്.
ഇതു മറ്റു വാഹനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. മണ്ണു കയറ്റിവരുന്നവയും പാറമണലും മക്കും നിറച്ചവയും മൂടി ഇല്ലാതെ യാത്ര നടത്തുന്നതും പതിവാണ്. ഇത്തരത്തിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര തന്നെ ടി്പ്പറുകളും ടോറസുകളും നടത്തുന്പോഴും നിരത്തുകളിലുള്ള വാഹനപരിശോധനകരെ കണ്ട് ചെറിയ പിഴയും പിന്നാലെ പടിയുമൊക്കെ നൽകി യാത്ര തുടരുന്ന രീതിയാണ് കണ്ടുവരുന്നത്.
വാഹനപരിശോധനയുടെയും പിഴയുടെയും ടാർജറ്റ് തികയ്ക്കാൻ പോലീസും മോട്ടോർവാഹനവകുപ്പും ടിപ്പറുകളെയും ടോറസുകളെയുമാണ് ആശ്രയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.