മല്ലപ്പള്ളി: പാറമടകളിൽ നിന്നും അമിതമായി പാറയും മെറ്റലും കയറ്റി അമിത വേഗത്തിൽ പായുന്ന ടിപ്പർ ലോറികൾ അപകട ഭീഷണി ഉയർത്തുന്നു. പ്ലാറ്റ്ഫോമിനേക്കാൾ ഉയരത്തിൽ കൂന കൂട്ടി പായുന്ന ടിപ്പർ ലോറികളിൽ നിന്നും വളവുകൾ തിരിയുമ്പോൾ പാറയും മെറ്റലും റോഡിലേക്ക് വീഴുന്നത് പതിവായിരിക്കുകയാണ്.
ഇതുമൂലം പിന്നാലെയെത്തുന്ന ഇരുചക്രവാഹന യാത്രക്കാർക്കും മറ്റു ചെറുവാഹനങ്ങൾക്കും അപകടഭീഷണിയാണ്. ഇന്നലെ രാവിലെ കോട്ടയം – കോഴഞ്ചേരി റോഡിൽ നിർമൽ ജ്യോതി സ്കൂളിനു സമീപം ലോറിയിൽ നിന്നും ഒരു കല്ല് റോഡിൽ വീണെങ്കിലും പിന്നാലെ എത്തിയ ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
സ്കൂൾ കുട്ടികളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രാവിലെ ഒമ്പതു മുതൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഉള്ളതിനാൽ ഇതിനുമുമ്പ് ലക്ഷ്യസ്ഥാനത്തെത്താനാണ് ടിപ്പറുകൾ അപകടഭീഷണി ഉയർത്തി കുതിച്ചു പായുന്നത്. പുലർച്ചെയും രാവിലെയുമാണ് ഇവയുടെ യാത്ര ഏറെയും. പുലർച്ചെ രണ്ടോടെ ടിപ്പറുകൾ റോഡിലിറങ്ങും. അമിതവേഗത്തിലാണ് പുലർച്ചെയുള്ള യാത്ര.
അമിതഭാരത്തിന്റെ പേരിൽ ടിപ്പർ ലോറികൾക്ക് വഴിനീളെ പിഴയിടാൻ പോലീസ് സംഘമുണ്ടാകും. എന്നാൽ പിഴ അടച്ചു കഴിഞ്ഞാൽ യാത്ര തുടരാമെന്ന സൗകര്യം ഇവർക്കുണ്ട്. ആദ്യമേ പിഴയുമായി എത്തുന്പോൾ മറ്റു പരിശോധനകളും ഉണ്ടാകാറില്ല. ടിപ്പറുകൾ കാണുന്പോൾ പരിശോധനയ്ക്കെത്തുന്ന പോലീസുകാർക്കും മനംനിറഞ്ഞു സന്തോഷമായിരിക്കും. പിഴ വാങ്ങി തങ്ങളുടെ ടാർജറ്റ് വേഗത്തിൽ ലക്ഷ്യം കടക്കാമെന്ന ചിന്തയാണ് പോലീസിന്.