സി.ആര്. സന്തോഷ്
ഇരിട്ടി: ആറളത്തെ കൊലകൊമ്പനെ കൂട് തകര്‍ത്ത് വനത്തിലേക്ക് കൊണ്ടുപോകാന്‍ ഇന്ന് പുലര്‍ച്ചെയും കാട്ടാനക്കൂട്ടം എത്തി. ആനയുടെ നിത്യ ചെലവിന് പണം കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തം കൈയില്‍ നിന്നും പണം എടുക്കുന്നു. എന്നിട്ടും കാട്ടാനയെ നാട്ടാന പരിശീലന കേന്ദ്രമായ മുത്തങ്ങയിലേക്ക് മാറ്റാന്‍ വനം വകുപ്പ് ഉന്നതര്‍ അനുമതി നല്‍കുന്നില്ല.
ആറളം വന്യജീവി സങ്കേതത്തിലും ജനവാസ കേന്ദ്രത്തിലും ഫാമിലുമായി അഞ്ചോളം ജിവനെടുത്ത ചുള്ളികൊമ്പനെ മയക്കു വെടിവെച്ച് സംരക്ഷിച്ചിരിക്കുന്ന ഫാം പ്രധാന ഓഫീസിന് സമീപത്തെ യൂക്കാലി മരം ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേക കൂട് തകര്‍ക്കാനാണ് കാട്ടാനകൂട്ടമെത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് കാട്ടാനകള്‍ ഇവിടെയെത്തുന്നത്. ഇന്നു പുലര്‍ച്ചെയെത്തിയ മൂന്ന് കാട്ടാനകള്‍ പടക്കം പൊട്ടിച്ചിട്ടും ചിന്നം വിളിച്ച് കൂടിനടുത്തേക്ക് എത്താന്‍ ശ്രമിച്ചത് ആശങ്കക്കിടയാക്കിയിരുന്നു.
കഴിഞ്ഞ മെയ് 28ന് വൈകുന്നേരം മയക്ക് വെടിവെച്ച കൊലകൊമ്പനെ മുത്തങ്ങയില്‍ നിന്നെത്തിച്ച കുങ്കിയാനകള്‍ ( കാട്ടാനയെമെരുക്കാന് പ്രത്യേക പരിശീലനം ലഭിച്ച ആന) ഏറെ സാഹസപ്പെട്ട് കീഴടക്കുകായിരുന്നു. മയക്കു വെടി വെച്ചിട്ടും മയങ്ങിവീഴാതെ അക്രമം നടത്തിയ ചുള്ളികൊമ്പനെ രണ്ട് കുങ്കിയാനകള്‍ ഇടംവലെ താങ്ങിയാണ് ലോറിയില്‍ കയറ്റാനായി കാട്ടിനൂള്ളിലൂടെ നടത്തിച്ചത്. ഇതിനിടയില്‍ ചിന്നം വിളികേട്ട് ചുള്ളികൊമ്പനെ രക്ഷപ്പെടുത്തികൊണ്ടുപോകാനായി ഉള്‍വനത്തില്‍ നിന്ന് പാഞ്ഞടുത്ത കാട്ടാനകളെ തുരത്തിയതും ഈ കുങ്കിയാനകളായിരുന്നു.
ആറളം ഫാം മെയിന്‍ ഓഫീസിനടുത്തുള്ള പ്രത്യേകം നിര്‍മിച്ച കൂട്ടില്‍ നിന്നും കുങ്കിയാനകളുടെ സഹായത്തോടെ ഇറക്കി ലോറിയില്‍ കയറ്റിയാണ് ചുള്ളികൊമ്പനെ മുത്തങ്ങയിലെത്തിക്കേണ്ടത്. ഈ സമയത്ത് മയക്കുവെടി വിദഗ്ധനായ ഡോ. അരുണ്‍ സക്കറിയയും സംഘത്തിലുണ്ടാകണം. ലോറിയില്‍ നിന്നും കയറ്റുമ്പോഴും ഇറക്കുമ്പോഴും സഞ്ചരിക്കുന്ന വഴിക്കും കുങ്കിയാനകളും, മയക്ക് വെടി വിദഗ്ദനും ഒപ്പം സഞ്ചരിക്കണം. ആറളത്ത് നിരവധി മനുഷ്യജീവനെടുത്ത ചുള്ളികൊമ്പന് ഇപ്പോള്‍ തികച്ചും ശാന്തനാണ്.
വനംമന്ത്രി പി. രാജു ആറ് മാസം മുമ്പ് ആനയെ സന്ദര്‍ശിച്ച് ശിവയെന്ന പേരും വിളിച്ച് വനംവകുപ്പിന്റെ നാട്ടാനകളുടെ പട്ടികയിലേക്ക് ശിപാര്‍ശ ചെയ്തിരുന്നു. മുത്തങ്ങയില്‍ എത്തിക്കുന്നതോടെ നാട്ടാനയുടെ പരിശീലനം നല്‍കിതുടങ്ങും. രണ്ട് മാസത്തിനുള്ളില്‍ ആറളത്ത് നിന്നും മുത്തങ്ങയിലേക്ക് കൊണ്ടുപോകുമെന്ന് കരുതിയിരുന്നത്. ചുള്ളികൊമ്പനെ ഇവിടെ നിന്ന് മാറ്റാന്‍ വനം വകുപ്പ് അനുമതി നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഇതിനിടിയില്‍ ചുള്ളികൊമ്പനെ വനത്തില്‍ ഉള്‍വനത്തില്‍ കൊണ്ടുപോയി തുറന്ന് വിടാന്‍ വനംവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ചയുണ്ടായെങ്കിലും ജനപ്രതിനിധികള്‍ ഉള്പൈടെയുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നീക്കം അവസാനിപ്പിക്കുകയായിരുന്നു.
വൈല്‍ഡ് ലൈഫ് വിഭാഗത്തിനാണ് ഇത്തരം കാട്ടാനകളെ സംരക്ഷിക്കാനുള്ള പണം ലഭിക്കുക. ഇവര്‍ ഇപ്പോള്‍ സംരക്ഷിച്ച്കൊണ്ടിരിക്കുന്ന വനം ടെറിട്ടറി വിഭാഗത്തിന് പനമ്പട്ടയുള്പ്പെടെയുളള ആനതീറ്റക്ക് പണം നല്കാത്തതിനാല് ഉദ്യോഗസ്ഥര്‍ സ്വന്തം കൈയില്‍ നിന്നുമാണ് പണം കണ്ടെത്തുന്നത്. ആദ്യത്തെ രണ്ട് മാസം മാത്രം ആനയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കിയത്.