തൃപ്പൂണിത്തുറ: ആറുപേരെ പിടിക്കാന്‍ നൂറുപേര്. വിചിത്രമായ ഈ രംഗം ഇന്നലെ കാഴ്ചക്കാർക്കും കൗതുകം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നുവെന്നു കേട്ടതോടെ ഒരു ബസുനിറയെ പോലീസ് സ്റ്റാച്യു ജംഗ്ഷനില്‍ കേന്ദ്രീകരിച്ചു.
കോണ്‍ഗ്രസ് ഓഫീസ് വരെ പോലീസിന്റെ കണ്ണുണ്ടായിരുന്നു. ഇതിനിടയിലാണ് സിപിഎം അനുയായികൾ കൂട്ടമായെത്തിയത്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചാല്‍ സിപിഎം പടയുടെ അടി ഉറപ്പാണെന്ന് അവിടമാകെ പരന്നു. ഏരിയാ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഈ അണിചേരല്‍.
അവര്‍ സാമൂഹ്യ അകലംപോലും പാലിച്ചിരുന്നില്ല. അടി പോലീസില്‍ നിന്നും സിപിഎം പടയില്‍ നിന്നും കിട്ടുമമോ എന്നു സംശയിച്ച് കോണ്‍ഗ്രസ്സ് സമരക്കാര്‍ ശങ്കിച്ചു നിന്നു. ഒടുവില്‍ അടി വന്നാലും വേണ്ടില്ല എന്ന ധൈര്യത്തോടെ ആറേഴുപേര്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും പുറത്തിറങ്ങി.
കോലവുമായി ലായം സി ബ്ലോക്കിനു സമീപം കൂടിയപ്പോള്‍ത്തന്നെ ഒരു പോലീസുകാരന് കോലം അവരില്‍ നിന്നും പിടിച്ചുവാങ്ങി.
മുദ്രാവാക്യവുമായി റോഡിലേക്കിറങ്ങിയവരെ ഒരടിപോലും മുന്നോട്ടു നടക്കാന്‍ അനുവദിച്ചില്ല.
ചൂടേറിയ പ്രസംഗം നടത്തിയ നേതാക്കള്‍ മുദ്രാവാക്യവുമായി ഒടുവില്‍ കോണ്‍ഗ്രസ് ഓഫീസിലേക്കു തന്നെ മടങ്ങി. ഒരു സമരം 10 കാല്‍ച്ചുവടില്‍ അവസാനിപ്പിച്ച് പ്രതിഷേധവും നിര്‍ത്തി.