കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ എസ്റ്റേറ്റ് തൊഴിലാളി മരിക്കാനിടയായത് വിഷമദ്യം മൂലമല്ലെന്ന് പോലീസ്. പാലക്കല്‍ ചെമ്പിലി ആദിവാസി കോളനിയിലെ കൊളമ്പൻ (68) മരിച്ചത് മദ്യം കഴിച്ചതുമൂലമല്ലെന്ന് താമരശേരി ഡിവൈഎസ്പി പറഞ്ഞു. പരിശോധനയിൽ കോളനിയിൽനിന്നും മദ്യം കണ്ടെത്താനായില്ലെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊളമ്പനൊപ്പമുണ്ടായിരുന്ന നാരായണൻ(60), ഗോപാലൻ (50) എന്നിവർ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.വായിൽനിന്നു നുരയും പതയും വന്ന് അവശനായ നിലയിലാണ് കൊളമ്പനെ ആശുപത്രിയിലെത്തിച്ചത്.
കോയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളികളായ മൂന്നു പേരും വെള്ളിയാഴ്ച രാത്രി ഏഴോടെ പണി കഴിഞ്ഞ് വരുന്നവഴി ഒരു കുപ്പി ലഭിച്ചെന്നും മൂവരും അത് കഴിച്ചെന്നുമുള്ള വിവരമാണ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ദ്രാവകം കഴിച്ച ഉടനെ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവേ കൊളമ്പൻ മരിച്ചു.