കോഴഞ്ചേരി : ജില്ലാ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആശ്വാസമായി ലിഫ്റ്റിന്റെ പ്രവർത്തനം സജ്ജമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് ലിഫ്റ്റ് നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ടിക്കൽ വിഭാഗത്തിനാണ് നിർമാണ ചുമതല. യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമാണം നടക്കുന്നത്.
ഒക്ടോബർ ആദ്യവാരത്തിൽതന്നെ ലിഫ്റ്റിന്റെ പ്രവർത്തനം പൂർണസജ്ജമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി പറഞ്ഞു. ഇലക്ട്രിക്കൽ ജോലികൾ എല്ലാംപൂർത്തീകരിച്ചതിനെത്തുടർന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുവാദവും ലഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.
ഓപ്പറേഷൻ തീയറ്റർ, പ്രസവവാർഡ് എന്നിവയും ക്ലിനിക്കൽ സംവിധാനങ്ങളും ഉള്ള നാലുനില കെട്ടിടത്തിലാണ് ലിഫ്റ്റ് നിർമിക്കുന്നത്. കെട്ടിടങ്ങൾ വ്യത്യസ്ത കാലയളവിൽ നിർമിച്ചതിനാൽ ലിഫ്റ്റിനുവേണ്ടിയുള്ള പാത ഒരുക്കിയിരുന്നില്ല.
ഇതിനുവേണ്ടിയുള്ള സിവിൽ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ആശുപത്രി മാനേജിംഗ്കമ്മിറ്റിയാണ് സിവിൽ ജോലികൾ പൂർത്തീകരിക്കുന്നതിന് 96000 രൂപ ചെലവഴിക്കുന്നത്. പൊതുമരാമത്ത് വകുപ്പാണ് സിവിൽ ജോലികളും ഏറ്റെടുത്ത് നടത്തുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. പ്രതിഭ പറഞ്ഞു. ഇതിനോടൊപ്പം മാലിന്യസംസ്കരണപ്ലാന്റ്, പവർലോണ്ട്രി എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണെന്നും സൂപ്രണ്ട് അറിയിച്ചു.