തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശവനിതകൾക്ക് നേരെ ലൈംഗികാതിക്രമം. യുകെ, ഫ്രാൻസ് സ്വദേശിനികൾക്കാണ് ദുരനുഭവം നേരിട്ടത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം 5.30 ന് തിരുവമ്പാടി ബീച്ചിലായിരുന്നു സംഭവമുണ്ടായത്. ഫ്രാൻസ് സ്വദേശിനിയായ യുവതി വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.
ഉടനെ അടുത്തുള്ള റസ്റ്റോറന്റിലേക്കുകയറിയ യുവതി അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവച്ചു. തനിക്കും ഇത്തരത്തിൽ ദുരനുഭവം ഉണ്ടായതായി സുഹൃത്തായ യുകെ സ്വദേശിനിയും പറഞ്ഞു. ഇരുവരും വർക്കല പോലീസിൽ പരാതി നൽകി.