തസ്ക്കരവീരന്‍! ഇത് കോലാനി സെല്‍വന്‍; അതിരമ്പുഴ മോഷണ കേസിലെ പ്രതി; മോഷണം തുടങ്ങിയത് 19-ാം വയസില്‍; പിടിവള്ളിയായത് ലോട്ടറി വില്‍പ്പനക്കാരിയുമായുള്ള ബന്ധം

Theif1കോട്ടയം: പോലീസ് തന്ത്രപരമായി പിടികൂടിയ മോഷണ കേസിലെ പ്രതി  തൊടുപുഴ കോലാനി പാറക്കടവ് ഭാഗത്ത് പഴയ ലക്ഷം വീട് തൃക്കയില്‍ സുബ്രഹ്മണ്യന്റെ മകന്‍ ടി.എസ്. സെല്‍വകുമാറാ (കോലാനി സെല്‍വന്‍, സുരേഷ്-42)നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ 11ന് രാത്രി അതിരമ്പുഴ ശ്രീകണ്ഠമംഗലം മൂലേക്കരയില്‍ ജോസ് ആന്‍ഡ്രൂസിന്റെ വീട് കവര്‍ച്ച ചെയ്ത് ആഭരണങ്ങളും പണവും ലാപ്‌ടോപ്പും മോഷ്ടിച്ചത് ഇയാളാണെന്ന് തെളിഞ്ഞു. ജോസ് ഏറ്റുമാനൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്റെ ചുമതലയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ മാവേലിക്കരയില്‍നിന്നും സെല്‍വകുമാറിനെ കസ്റ്റഡിയിലെടുത്തത്.

19-ാം വയസുമുതലാണ് ഇയാള്‍ മോഷണം തൊഴിലാക്കിയത്. പകല്‍ സമയം അലഞ്ഞു തിരിഞ്ഞു നടന്ന് ആളൊഴിഞ്ഞ വീടുകള്‍ കണ്ടുവയ്ക്കുകയും വൈകുന്നേരത്തോടെ വീടിനു പിന്നില്‍ ഒളിച്ചിരുന്നു വീട്ടില്‍ ആരും വരില്ലെന്ന് ഉറപ്പുവരുത്തിയശേഷം വീടിന്റെ പിന്‍വാതിലോ പിന്‍ജനലോ തകര്‍ത്ത് അകത്തുകടക്കുകയുമാണു പതിവ്. ലൈറ്റ് തെളിഞ്ഞു കിടക്കുന്നതും  മുന്‍വശത്ത് പത്രം വെറുതെ കിടക്കുന്നതും ഗേറ്റ് താഴിട്ടുപൂട്ടിയതുമായ വീടുകളാണ് ഇയാള്‍ പകല്‍ കണ്ടുവയ്ക്കുക. നായകളില്ലെന്ന് ഉറപ്പാക്കിയാല്‍ രാത്രിതന്നെ മോഷണം നടത്തും.

നാലാം ക്ലാസ് മാത്രമാണ് വിദ്യാഭ്യാസമെങ്കിലും പ്രഫഷണല്‍ മോഷ്ടാക്കളെ വെല്ലുന്ന തന്ത്രമാണ് സെല്‍വകുമാര്‍ അനുവര്‍ത്തിച്ചുപോന്നത്. മുന്‍വശം എത്ര ആധുനികവും ബലവത്തായതുമായ വീടാണെങ്കിലും പിന്‍വശവും അടുക്കളഭാഗവും പലപ്പോഴും ദുര്‍ബലമായിരിക്കുമെന്നാണ് ഇയാളുടെ കണ്ടെത്തല്‍. പൊട്ടിയതോ ഇളക്കമുള്ളതോ ആയ ജനാല ഇളക്കിമാറ്റി മിനിറ്റുകള്‍ക്കുള്ളില്‍ വീടിനുള്ളില്‍ കയറാന്‍ ഇയാള്‍ വിദഗ്ധനാണ്. കോട്ടയ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, ഏറ്റുമാനൂര്‍ സിഐ സി.ജെ. മാര്‍ട്ടിന്‍, എസ്‌ഐ അനൂപ് ജോസ്, ഷാഡോ പോലീസ് അംഗങ്ങളായ ഷിബുക്കുട്ടന്‍, അജിത് കുമാര്‍, ബിജുമോന്‍ നായര്‍, സജി കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

നിരവധി മോഷണ കേസുകള്‍ക്ക് തുമ്പായി

സെല്‍വകുമാര്‍ പിടിയിലായതോടെ തെളിയിക്കപ്പെടാതെ കിടന്ന നിരവധി മോഷണ കേസുകള്‍ക്ക് തുമ്പുണ്ടായി. 2015 മാര്‍ച്ചില്‍ ഏറ്റുമാനൂര്‍ മുണ്ടക്കപ്പാടം ഭാഗത്തെ വീട്ടില്‍നിന്നും 15 പവനും, 2015 ഓഗസ്റ്റില്‍ അയര്‍ക്കുന്നത്ത് വീടുപൊളിച്ച് ഒരു ലക്ഷത്തില്‍പ്പരം രൂപയുടെ ആഭരണങ്ങളും വജ്രവും നവംബറില്‍ ഏറ്റുമാനൂര്‍ മാടപ്പാട് ഭാഗത്ത് വീട്ടില്‍നിന്നും 45 പവനും 2016 മാര്‍ച്ചില്‍ യൂണിവേഴ്‌സിറ്റിക്കുസമീപം വീട്ടില്‍നിന്നും 10.5 പവനും പണവും ജൂണില്‍ കിടങ്ങൂര്‍ ക്ഷേത്രത്തിനുസമീപം വീട്ടില്‍നിന്നു ആറര പവനും മോഷ്ടിച്ചതും ഇയാളാണെന്നു തെളിഞ്ഞു. ഇത്തരത്തില്‍ ഒട്ടനവധി വീടുകളില്‍ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.
ആര്‍പ്പൂക്കരയില്‍ 100 പവനിലേറെ മോഷണം നടത്തിയ വീടുകളും ഉള്ളതായി ഇയാളുടെ മോഷണലിസ്റ്റിലുണ്ട്. 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മാത്രം പ്രതി കര്‍ച്ച ചെയ്തിട്ടുണ്ട്. സെല്‍വകുമാറിനെതിരെ വിവിധ ജില്ലകളിലായി മോഷണം നടത്തിയതിനു പതിനഞ്ചിലേറെ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. മൂന്നു കേസുകളിലായി ഒമ്പതു വര്‍ഷത്തോളം വിവിധ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. ഒരിടത്തും സ്ഥിരതാമസമില്ലാതെ കഴിയുന്ന സെല്‍വകുമാര്‍ മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ചെലവഴിക്കുകയായിരുന്നു.

പിടിവള്ളിയായത് ലോട്ടറി വില്‍പ്പനക്കാരിയുമായുള്ള ബന്ധം

Theif2

അതിരമ്പുഴ ശ്രീകണ്ഠമംഗലം മൂലേക്കരിയില്‍ ജോസ് ആന്‍ഡ്രൂസിന്റെ വീട്ടിലെ മോഷണക്കേസിലെ പ്രതിയെ അന്വേഷിച്ചുനടന്ന പോലീസിനു പിടിവള്ളിയായത് തലയോലപ്പറമ്പിലെ ലോട്ടറി വില്‍പ്പനക്കാരിയുമായുള്ള സെല്‍വകുമാറിന്റെ ബന്ധമാണ്. മോഷണം നടന്ന ദിവസത്തിനു ഏതാനും ദിവസം മുമ്പ് സെല്‍വനെ ഏറ്റുമാനൂര്‍ ഷാപ്പ്, ബിവറേജ് ഷോപ്പ്, തവളക്കുഴി ഷാപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടതായി പോലീസിനു വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ചെറിയ സൂചന ലഭിച്ചിരുന്നു. പോലീസ് ഫിന്‍ഗര്‍പ്രിന്റ് വിദഗ്ധര്‍ നല്‍കിയ തെളിവുകളും അന്വേഷണത്തിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പോലീസ് തുടര്‍ന്നു നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ മുഹമ്മ, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ എത്താറുണ്ടെന്നു വിവരം ലഭിച്ചിരുന്നു. തലയോലപ്പറമ്പിലെ ഒരു സ്ത്രീയുടെ മകളുടെ വിവാഹത്തിനു സെല്‍വന്‍ അഞ്ച് പവന്റെ സ്വര്‍ണം നല്കിയതും ഏതാനും പേരുടെ കൈവശം പണം പലിശയ്ക്കു നല്കിയതും സംബന്ധിച്ചും പോലീസിനു വിവരം ലഭിച്ചു.

മോഷണമെല്ലാം തനിച്ച്

മോഷണ കേസില്‍ പിടിയിലായ സെല്‍വകുമാര്‍ മോഷണം നടത്തുന്നതെല്ലാം തനിച്ചെന്ന് പോലീസ്. പകല്‍ സമയം അലഞ്ഞു തിരിഞ്ഞു നടന്ന് ആളൊഴിഞ്ഞ വീടുകള്‍ കണ്ടുവയ്ക്കുകയും വൈകുന്നേരത്തോടെ വീടിനു പിന്നില്‍ ഒളിച്ചിരുന്ന വീട്ടില്‍ ആരും വരില്ലെന്ന് ഉറപ്പുവരുത്തിയശേഷം വീടിന്റെ പിന്‍വാതിലോ പിന്‍ജനലോ തകര്‍ത്ത് അകത്തുകടക്കുകയുമാണു പതിവ്. മോഷണ മുതലുകള്‍ കേരളത്തിലും ഇതരസംസ്ഥാനത്തും കൊണ്ടു പോയി വില്‍ക്കുകയാണ് സെല്‍വകുമാര്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

പിടികൂടിയതു പെരുങ്കള്ളനെ

ഏറ്റുമാനൂര്‍: അതിരമ്പുഴയിലെ കവര്‍ച്ചയെ പിന്തുടര്‍ന്നു പോലീസ് പിടികൂടിയത് ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചു വര്‍ഷങ്ങളായി മോഷണം നടത്തിവന്ന പെരുങ്കള്ളനെ.   കഴിഞ്ഞ 11-ന് അതിരമ്പുഴ ശ്രീകണ്ഠമംഗലം മൂലേക്കരിയില്‍ ജോസ് ആന്‍ഡ്രൂസിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പിടിയിലായ പ്രതിയെ വിശദമായി ചോദ്യംചെയ്തപ്പോള്‍ മധ്യകേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന വന്‍ കവര്‍ച്ചകളുടെ ചുരുളഴിയുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ മാത്രം അരക്കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം ഇയാള്‍ കവര്‍ന്നിട്ടുള്ളതായാണ് പോലീസ് കണക്കാക്കുന്നത്.  പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുമ്പോള്‍ കൂടുതല്‍ കവര്‍ച്ചകള്‍ തെളിയുമെന്നു കരുതുന്നു.

19-ാം വയസില്‍ മോഷണമാരംഭിച്ച ഇയാള്‍ ഇതുവരെ വിവിധ മോഷണക്കേസുകളിലായി ഒമ്പതുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അതിരമ്പുഴയില്‍ ജോസ് ആന്‍ഡ്രൂസിന്റെ വീട്ടില്‍ കവര്‍ച്ച നടത്തുമ്പോള്‍ ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ട് അധികനാളുകളായിട്ടില്ലായിരുന്നു.

ജോസ് ആന്‍ഡ്രൂസിന്റെ വീട്ടില്‍ കവര്‍ച്ച നടത്തുന്നതിന് രാത്രി ഒമ്പതിന് എത്തിയ ഇയാള്‍ 12 മണി വരെ അടുക്കളവാതില്‍ക്കല്‍ കാത്തിരുന്ന് ആരും വരില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ജനല്‍ച്ചില്ലും തുടര്‍ന്ന് അടുക്കളയുടെ വാതിലും തകര്‍ത്ത് ഉള്ളില്‍ കടന്നത്. അല്പംപോലും ധൃതികാട്ടാതെ എല്ലാ മുറികളിലും മേശയും അലമാരകളുമൊക്കെ വിശദമായി പരിശോധിച്ചു വെളുപ്പിന് അഞ്ചുമണിയോടെയാണു വീട്ടില്‍നിന്നും പോയത്.

മോഷണത്തിനു രണ്ടുദിവസം മുമ്പു മുതല്‍ ഇയാള്‍ ശ്രീകണ്ഠമംഗലം പ്രദേശത്ത് ഉണ്ടായിരുന്നതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തില്‍ മനസിലായിരുന്നു. ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍, ഡിവൈഎസ്പി ഗിരീഷ് പി. സാരഥി എന്നിവരുടെ മേല്‍നോട്ടത്തില്‍ ഏറ്റുമാനൂര്‍ സിഐ സി.ജെ. മാര്‍ട്ടിന്‍, എസ്‌ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അന്നു മുതല്‍ നടത്തിയ നിരീക്ഷണവും ശാസ്ത്രീയമായ അന്വേഷണവുമാണ് പ്രതിയെ കുടുക്കിയത്.

മോഷണം തടയാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

കോട്ടയം: മോഷ്ടാക്കള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍. തെളിവുകള്‍ തെല്ലും അവശേഷിപ്പിക്കാതെയാണ് അടുത്തിടെയായി മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കയറുന്നത്. വിരലടയാളം ഉണ്ടാകാതിരിക്കാന്‍ കൈയുറയും കാമറകളില്‍ മുഖം പതിയാതിരിക്കാന്‍ ഹെല്‍മറ്റും ധരിക്കുന്നവരാണു ചില തസ്കരന്‍മാര്‍. പോലീസ് ചീഫിന്റെ ജാഗ്രതാനിര്‍ദേശങ്ങള്‍:

പതിവായി ധരിക്കാത്ത ആഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുക. തനിച്ചുള്ള യാത്രയില്‍ ജാഗ്രത പാലിക്കുക. കൊച്ചുകുട്ടികളെ ആഭരണം ധരിപ്പിക്കുന്നെങ്കില്‍ ജാഗ്രത പുലര്‍ത്തുക. വീട്ടുമുറ്റത്ത് കൊച്ചുകുട്ടികളെ തനിച്ചാക്കാതിരിക്കുക.    

വീടുവിട്ടുപോകുമ്പോള്‍ വിശ്വാസമുള്ള അയല്‍വാസികളോടോ ബന്ധുക്കളോടോ വിവരം പറയുക.

ഗേറ്റ് താഴിട്ടു പൂട്ടിയാല്‍ വീട്ടില്‍ ആളില്ലെന്നതിന് സൂചനയാണ്. ഗേറ്റ് ബലമായി ചാരി കൊളുത്തുമാത്രം ഇടുക.

വാഹനം പിന്നോട്ടു തിരിച്ച് പാര്‍ക്കു ചെയ്യുന്നതും ആളില്ലെന്നതിന്റെ സൂചന നല്‍കും.

കാര്‍പോര്‍ച്ചിലും മുറ്റത്തും പത്രം അനാഥമായി കിടക്കാന്‍ ഇടയാക്കരുത്. അതാത് ദിവസത്തെ പത്രം മറ്റാരോടെങ്കിലും എടുത്തു സൂക്ഷിക്കാന്‍ നിര്‍ദേശിക്കുക, അതല്ലെങ്കില്‍ പത്രം ആ ദിവസങ്ങളില്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കുക.

വാഹനങ്ങളും ഔട്ട് ഹൗസും പൂട്ടി സുരക്ഷിതമാക്കുക. വീടിനു പിന്നില്‍ കമ്പിപ്പാര, കമ്പി, വാക്കത്തി തുടങ്ങിയ ആയുധങ്ങള്‍ സൂക്ഷിക്കരുത്.

വൈദ്യുതി ലൈറ്റുകള്‍ തെളിച്ചിട്ടുപോയാല്‍ പകലും തെളിഞ്ഞുകിടക്കും. ഇത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെടും.

വീടിന്റെ മുന്‍വശം പോലെ പിന്‍വശവും അടുക്കള വശവും ബലവത്താക്കുക. വീടുവിട്ടുപോകുമ്പോള്‍ എല്ലാ മുറികളും അടച്ചുപൂട്ടുക.

പണം, ആഭരണം എന്നിവ സുരക്ഷിതമായ ഒന്നിലേറെ സ്ഥലങ്ങളില്‍ സൂക്ഷിക്കുക. ഇവ സൂക്ഷിക്കുന്ന അലമാരകള്‍ പൂട്ടിവയ്ക്കുക.

ദിവസങ്ങളോളം വീടുവിട്ടുപോകുന്ന സാഹചര്യത്തില്‍ വിവരം സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുക.

Related posts