മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ കാരാളിപറന്പിൽ കഴിഞ്ഞ ദിവസം യുവാവിന് കുത്തേറ്റ സംഭവത്തിൽ യുവാവിനെ തള്ളിയ കിണർ വറ്റിച്ച് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു.പരിശോധനയിൽ രമേശിന്റെ മൊബൈൽ ഫോണുംഇയാൾ ഉടുത്തിരുന്ന മുണ്ടും മൂന്ന് അൻപത് രൂപയുടെ നോട്ടുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ താമരശേരി സിഐഅഗസ്റ്റിൻ, മുക്കം അഡീഷണൽ എസ്.ഐ.ജോയി, പോലീസ് ഉദ്യോഗസ്ഥരായ സലീം, ശ്രീജേഷ് ,വിരലടയാള വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ കിണർ വറ്റിച്ചത്. മൊബൈൽ ഫോണ് കണ്ടെടുത്തത് അന്വേഷണത്തിന് ഏറെ സഹായകമാവും.ഈ ഫോണിലേക്ക് വിളിച്ചാണ് പുലർച്ചെ രമേശിനെ വീട്ടിൽ നിന്നിറക്കി കടവരാന്തയിലിട്ട് കുത്തിയതിന് ശേഷം കിണറിൽ തള്ളിയത്.
വയറിനും കഴുത്തിനും സാരമായി പരിക്കേറ്റ രമേശ് അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. സംഭവം നടന്ന കാരാളിപറന്പിലെ കടവരാന്തയിൽ ലിറ്ററോളം ചോര തളം കെട്ടിക്കിടന്നിരുന്നു. കിണറിൽ തള്ളിയ രമേശിന്റെ കഴുത്തിലേറ്റ മുറിവിലൂടെ വെള്ളം ഇറങ്ങാതിരുന്നതാണ് ജീവൻ നിലനിർത്താൻ സഹായകരമായത്.അഞ്ചു മണിക്കൂറോളം ഇദ്ദേഹം കിണറ്റിൽ കഴിച്ചുകൂട്ടിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽരമേശിന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല.