പാനൂർ: കൊളവല്ലൂരിൽ സിപിഎം – ബിജെപി സംഘർഷം തുടരുന്നു. സിപിഎം, ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റതിനു പിന്നാലെ ഒരു ബിജെപി പ്രവർത്തകനും കൂടി വെട്ടേറ്റു. ബിജെപി പ്രവർത്തകനായ തുവ്വക്കുന്നിലെ നെല്ലിയുള്ള പറമ്പത്ത് അജീഷി (40) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി11.45 ഓടെയാണ് സംഭവം. കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് ഉള്ള്യേരി മലബാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊളവല്ലൂർ സംഘർഷവുമായി ബന്ധപ്പെട്ട് 16 ബിജെപി, ആർഎസ്എസ്, സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 10 ഓടെയാണ് സംഘർഷത്തിന് തുടക്കം. പൊയിലൂർ ചേലക്കാട് മസ്ജിദിന് സമീപത്തെ ബി ജെ പി പ്രവർത്തകനായ ചേലക്കാട് നിഖിലി (32) നാണ് ആദ്യമായി വെട്ടേറ്റത്.
തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിന്റെ തുടർച്ചയെന്നോണം ഒരു സിപിഎം പ്രവർത്തകനും വെട്ടേറ്റു.ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സിപിഎം പ്രവർത്തകൻ തുവ്വക്കുന്നിലെ കുട്ടകെട്ടിൽ ബിനീഷി (32)നെയാണ് ഒരു സംഘം അയ്യപ്പ മഠത്തിന് സമീപം രാത്രി 11 ഓടെ ബൈക്ക് തടഞ്ഞ് വെട്ടിയത്. സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിഖിലിന് വെട്ടേറ്റ സംഭവത്തിൽ 308 വകുപ്പ് പ്രകാരം ആറോളം സിപിഎം പ്രവർത്തകർക്കെതിരെയും സിപിഎം പ്രവർത്തകനായ ബിനീഷിന് വെട്ടേറ്റ സംഭവത്തിൽ 307 വകുപ്പ് പ്രകാരം പത്തോളം ബി ജെ പി-ആർഎസ്എസ് പ്രവർത്തകർക്കെതിരെയും കൊളവല്ലൂർ പോലീസ് കേസെടുത്തു .
സംഘർഷം ഉടലെടുത്തതോടെ കൊളവല്ലൂർ മേഖലയിൽ കനത്ത പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ അടുത്തതോടെ പാനൂർ മേഖല പൂർണമായും ശക്തമായ പോലീസ് നിരീക്ഷണത്തിലാണ്. ഏതാനും മാസങ്ങൾക്ക് ശേഷം പാനൂർ മേഖലയിൽ വീണ്ടും സി പി എം – ബി ജെ പി സംഘർഷം ഉടലെടുത്തിരിക്കുകയാണ്.