പഴയങ്ങാടി: ജില്ലാ പഞ്ചായത്തംഗവും സിപിഎം കണ്ണപുരം ഏരിയാ കമ്മറ്റി സെക്രട്ടറിയുമായ പി.പി.ഷാജിറിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയ അഞ്ച് ബിജെപി പ്രവർത്തകർക്കെതിരേ കണ്ണപുരം പോലീസിൽ സിപിഎം പരാതി നൽകി.
ഇന്നലെ ബിജെപി കല്യാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമായ രീതിയിൽ ബിജെപി, യുവമോർച്ച പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം നടന്നിട്ടും പോലീസ് കാണിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
മാർച്ചിനിടയിൽ ഉമ്മയെ കണ്ട് മരിക്കില്ല, വീട്ടുകാരെ കാണില്ലാ, കൊത്തിയെറിഞ്ഞ് കാട്ടിൽ തള്ളും, വീട്ടിൽ കയറി വെട്ടും ഞങ്ങൾ… തുടങ്ങിയ പ്രകോപന കരമായ കൊലവിളി പ്രകടനങ്ങളോടൊപ്പം പി.പി.ഷാജിറിനെ വെട്ടും എന്നും മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.
കടലായിലെ അർജുൻ, കണ്ണപുരത്തെ സി.വി.സുമേഷ് തുടങ്ങി കണ്ടാലറിയാവുന്ന അഞ്ച് ബിജെപി പ്രവർത്തകർക്ക് എതിരെയാണ് പരാതി.