മുക്കം: ഇന്ത്യൻ രാഷ്ട്രീയത്തിൽ എതിരാളികളെ വിമർശിക്കുന്ന ഭാഷ നഷ്ടപ്പെട്ടെന്നും അധികാരത്തിന്റെ ഭാഷ ഹിംസയുടേതായെന്നും ഡോക്ടർ എം.എൻ. കാരശേരി.ധാർമ്മികമൂല്യങ്ങൾക്ക് സ്വാധീനം ഇല്ലെങ്കിൽ ജനാധിപത്യ വ്യവസ്ഥയിൽ അധികാരത്തിന്റെ സ്ഥിതി അരാജകത്വമായിരിക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹുസ്വരം സംഘടിപ്പിച്ച പൊതുയോഗത്തിൽ “ആൾക്കൂട്ടത്തിന്റെ കൊലവിളി സംസ്കാരം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതാധിപത്യവും ധനാധിപത്യവുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശത്രുക്കൾ.
വിയോജിക്കുന്നവരെ വേട്ടയാടുന്ന രീതിയാണ് രാജ്യത്തൊട്ടാകെ.കേരളം പോലും അതിൽ നിന്ന് വിഭിന്നമല്ല. ഹിന്ദു രാഷ്ട്രമാവുന്നതോടെ ഗാന്ധിയായിരിക്കില്ല, ഗോഡ്സെയായിരിക്കും ഇന്ത്യയിൽ വീരനായകൻ. ജനാധിപത്യ വ്യവസ്ഥയിൽ ആൾക്കൂട്ടം നീതി നടപ്പാക്കാൻ തുടങ്ങിയതിന്റെ ദുര്യോഗം സംഭവിച്ചു കഴിഞ്ഞു.
പ്രധാനമന്ത്രിക്കു കത്തെഴുതിയാൽ പൗരനുനേരെ രാജ്യദ്രോഹകുറ്റമാണ് ചുമത്തുന്നതെങ്കിൽ പിന്നെയെന്ത് ജനാധിപത്യമാണുള്ളത്?-അദ്ദേഹം ചോദിച്ചു. സലാം കാരമൂല അധ്യക്ഷത വഹിച്ചു.