ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങുന്ന സിനിമകൾ ഇന്ത്യയിൽ കേരളത്തിൽ തൃശൂരിലെ കോലഴിയിലിരുന്ന് മലയാളം സബ് ടൈറ്റിലോടു കൂടി കാണുകയെന്നത് അപൂർവ ഭാഗ്യം തന്നെയാണ്. കഴിഞ്ഞ എട്ടുവർഷമായി കോലഴി സിനിമ കൊട്ടകയിൽ ലോകസിനിമകൾ പൂത്തുലയാൻ തുടങ്ങിയിട്ട്. ലോകശ്രദ്ധയാകർഷിച്ച് പല ഭാഷകളിലുമുള്ള സിനിമകൾ കോലഴി സിനിമ കൊട്ടകയിൽ പ്രേക്ഷകരെ രസിപ്പിച്ചു…ചിന്തിപ്പിച്ചു… അതിൽ ക്ലാസിക്കുകളുണ്ടായിരുന്നു, ആക്ഷനും കോമഡിയും റൊമാൻസുമുണ്ടായിരുന്നു…
ലോകത്തിന്റെ ഏതൊക്കെയോ കോണുകളിലുള്ള കാണാക്കാഴ്ചകൾ കാണാൻ കോലഴി സിനിമ കൊട്ടകയിലേക്ക് പ്രേക്ഷകർ മുടങ്ങാതെയെത്തിയപ്പോൾ ഈ എട്ടുവർഷത്തിനിടെ പ്രദർശിപ്പിച്ച ലോകസിനിമ കാഴ്ചകളുടെ എണ്ണം എഴുപത്തിയഞ്ചാകുന്നു. മലയാളം സബ്ടൈറ്റിലുള്ളതുകൊണ്ടുതന്നെ സിനിമ ഇംഗ്ലീഷായാലും ഫ്രഞ്ചായാലും ഇറാനിയൻ ആയാലും ഭാഷ ഒരു പ്രശ്നമാകുന്നില്ല. ലോകസിനിമകൾ ഇന്ന് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ ബുദ്ധിമുട്ടില്ലാതെ കിട്ടുമെങ്കിലും കോലഴി സിനിമ കൊട്ടകയിലേക്ക് പ്രേക്ഷകർ വരുന്നതിനു കുറവില്ല. പ്രതിമാസ പ്രദർശനമാണ് കോലഴി സിനിമകൊട്ടകയിൽ നടക്കുന്നത്.
കോലഴി സിനിമ കൊട്ടക
എട്ടുവർഷം മുൻപ് 2016 ഫെബ്രുവരിയിൽ ആദ്യ പ്രദർശനം തുടങ്ങിയത് 2024ലും തുടരുന്പോൾ കോലഴി സിനിമ കൊട്ടകയ്ക്കു പറയാനുള്ളത് ലോകസിനിമാ കാഴ്ചകളെക്കുറിച്ചു മാത്രം. കോലഴി ഫിലിം സൊസൈറ്റിയാണ് കോലഴി ഗ്രാമീണ വായനശാലയുടെ ഹാളിനെ സിനിമ കൊട്ടകയാക്കി മാറ്റിയത്. എഴുപതിലേറെ സിനിമകൾ ഈ എട്ടുവർഷത്തിനിടെ പ്രദർശിപ്പിച്ചു. ഈ എട്ടുവർഷവും പ്രതിമാസ ചലച്ചിത്രപ്രദർശനം തികച്ചും സൗജന്യമായാണ് നടത്തിയത് എന്നറിയുമ്പോൾ കൈയടിക്കാതെ വയ്യ.
തൃശൂർ നഗരത്തിലും പരിസരത്തും മൾട്ടിപ്ലക്സ് തിയറ്ററുകൾ മറ്റു സാധാരണ തിയേറ്ററുകൾക്കൊപ്പം വന്നപ്പോഴും മൊബൈലിലും ലാപ്ടോപ്പിലും ലോകത്തിലെ പുതിയ സിനിമകളും പഴയ സിനിമകളും കാണാൻ സൗകര്യം ലഭിച്ചപ്പോഴും കോലഴി സിനിമ കൊട്ടകയിലേക്കു പ്രേക്ഷകരുടെ വരവിനു കുറവുണ്ടായില്ല.
വീടിനുള്ളിൽ മൊബൈലിലും ലാപ്പിലും കാണേണ്ടതല്ല സിനിമ അത് തിയേറ്ററിൽ ആളുകൾക്കൊപ്പമിരുന്നു കാണേണ്ടതാണ് എന്ന കാഴ്ചപ്പാട് ആളുകളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യവും കോലഴി സിനിമാ കൊട്ടകയുടെ അണിയറയിലും മുൻനിരയിലും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവർക്ക് ഉണ്ടായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ സിനിമ പ്രദർശനം എന്നത് പൊതു ഇടം തിരിച്ചുപിടിക്കൽ കൂടിയാണ് എന്ന തിരിച്ചറിവാണ് തൃശൂർ നഗരത്തിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള കോലഴിയിലെ സിനിമ പ്രേമികളായ ഒരു സംഘം പ്രവർത്തകരെ സിനിമകൊട്ടക എന്ന ആശയത്തിൽ എത്തിച്ചത്.
ലോക സിനിമകളെ മനസിലാക്കുന്നതിന് ഭാഷ ഒരു വലിയ തടസമായിരുന്നതിനാൽ ഇവിടുത്തെ ഏതൊരാൾക്കും മനസിലാകുന്ന മലയാളത്തിൽ സബ് ടൈറ്റിലുകൾ നൽകി ലോക സിനിമകൾ പ്രദർശിപ്പിക്കാം എന്ന് സിനിമ കൊട്ടകക്കാർ നിശ്ചയിച്ചുറപ്പിച്ചു. കേൾക്കുമ്പോൾ ചെറുതെന്ന് തോന്നുമെങ്കിലും വലിയ ഒരു ഉത്തരവാദിത്വമാണ് വിവിധ ഭാഷകളിലുള്ള ലോക സിനിമകൾക്ക് മലയാളം സബ്ടൈറ്റിൽ ചെയ്യുക എന്നത്. പക്ഷേ അതിൽ അവർ വിജയം കണ്ടു.
2016 ഫെബ്രുവരിയിൽ വാദ് ജ എന്ന ഇറാനിയൻ സിനിമയോടെയായിരുന്നു തുടക്കം.പിന്നീട് ചൈനീസ് മുതൽ വോളോഫ് ഭാഷ വരെ ഏത് ഭാഷയായാലും ഒരു ബുദ്ധിമുട്ടുമില്ലാതെ മലയാളം സബ്ടൈറ്റിലിന്റെ സഹായത്തിൽ കോലഴി സിനിമ കൊട്ടകയിലെത്തിയ പ്രേക്ഷകർ സിനിമ കണ്ട് ആസ്വദിച്ചു. സിനിമ തിയറ്ററുമായി പ്രേക്ഷകർക്കരികിലേക്കെത്തിയാൽ സിനിമ കൂടുതൽ ജനകീയമാകുമെന്നും കൂടുതൽ പേർ സിനിമ കാണുമെന്നും മനസിലാക്കിയപ്പോൾ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള പ്രദർശനങ്ങൾക്ക് സാധ്യതയുണ്ടെന്ന തിരിച്ചറിവിൽ കോലഴിയിലെയും പരിസരങ്ങളിലെയും വീടുകളിലെ ടെറസും മുട്ടുപ്പാവും സിനിമ പ്രദർശന ഹാളുകളായി. ഹോം തിയേറ്റർ എന്ന വാക്ക് അക്ഷരാർത്ഥത്തിൽ അനർഥമായി.
ഗൊദാർദ്, കിംകി ദുക്, കെ.ജി.ജോർജ് തുടങ്ങി സിനിമാരംഗത്തെ അതികായരുടെ വിയോഗ വേളകളിൽ പ്രത്യേക പ്രദർശനങ്ങളും അനുസ്മരണങ്ങളും സംഘടിപ്പിക്കപ്പെട്ടു. ആളുകളെ തുടർച്ചയായി സിനിമ കൊട്ടക യിലക്ക് എത്തിക്കാൻ ആകുമോ എന്നതായിരുന്നു സിനിമകൊട്ടകയുടെ പ്രവർത്തകരുടെ മനസിലുള്ള ആശങ്കയും വെല്ലുവിളിയും. എന്നാൽ അതെല്ലാം വെറും ആശങ്കകൾ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് . സ്ത്രീകളും വീട്ടമ്മമാരും മുതിർന്നവരുമടക്കം കൊട്ടകയിലെ സ്ഥിരം പ്രേക്ഷകരായത് പ്രവർത്തരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
നല്ല സിനിമകൾ പ്രദർശിപ്പിക്കുന്നു എന്നറിഞ്ഞാൽ അകലെ നിന്നുപോലും ആളുകളത്തെുമെന്ന് അനുഭവം തങ്ങളെ പഠിപ്പിച്ചു എന്ന കൊട്ടകയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായവർ പറയുന്നു. കുടുംബശ്രീകൾക്കായി വനിതാ ദിന പ്രദർശനം, വിയ്യൂർ സെൻട്രൽ ജയിലിലെ പ്രദർശനം, കുട്ടികൾക്കായി അവധിക്കാല പ്രദർശനങ്ങൾ തുടങ്ങിയ പ്രത്യേക പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു.കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാനും അവ ചർച്ചചെയ്യാനും വേദിയൊരുക്കിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് പ്രവർത്തകർ. വരൂ നമുക്കൊരു നല്ല സിനിമ കാണാം എന്ന് കോലഴി സിനിമ കൊട്ടക ഉറക്കെ പറയുമ്പോൾ എന്തിനു മടിക്കണം വരൂ നമുക്ക് കോലഴി സിനിമ കൊട്ടകയുടെ ജാലകങ്ങൾ തുറന്നിടാം… ലോകസിനിമാ കാഴ്ചകൾ ആ ജാലകം കടന്നെത്തട്ടെ…