കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് മഴുവന്നൂര്‍ കുന്നുക്കുരുടിയില്‍ സ്വന്തം വാഹനത്തിനുള്ളില്‍ പൊള്ളലേറ്റു രോഗിയായ ഗൃഹനാഥനും ഭാര്യയും മരിച്ചു. മഴുവന്നൂര്‍ കമൃത, കവിതാപ്പടി ഇഞ്ചപ്പുഴയില്‍ രാജു (55), ഭാര്യ ഗീതാംബിക (50) എന്നിവരാണ് മരിച്ചത്. തങ്ങള്‍ സ്വയം പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നു ഗീതാംബിക മരിക്കും മുമ്പ് മൊഴി നല്‍കിയതായി കുന്നത്തുനാട് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 11 ഓടെ കിളികുളം കമൃതമണ്ണൂര്‍ റോഡില്‍ തട്ടു പാലത്തിനു സമീപമായിരുന്നു സംഭവം. സ്വന്തം ഓംമ്‌നി വാനിലുളളില്‍ വച്ചാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. ആറു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തിനു ചികില്‍സയിലാണു രാജു. കഴിഞ്ഞ ഒരു വര്‍ഷമായി അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തു വരുന്നുണ്ട്. ഇന്നലെ ഡയാലിസിസിനു പോയി തിരിച്ചുവരും വഴി മണ്ണൂരിലെ പെട്രോള്‍ പമ്പില്‍നിന്ന് ഇരുവരും ചേര്‍ന്നു നാലു ലിറ്റര്‍ പെട്രോള്‍ വാങ്ങിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഓമ്‌നി വാന്‍ ആളൊഴിഞ്ഞ തൊട്ടില്‍പാലത്തിനടുത്തു നിര്‍ത്തിയ ശേഷം ഇരുവരും ചേര്‍ന്നിരുന്നു ദേഹത്തു പെട്രോളൊഴിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണു കരുതുന്നത്. പാലത്തിനടുത്തു മീന്‍ പിടിച്ചുകൊണ്ടിരുന്ന യുവാക്കള്‍ വാഹനം കത്തുന്നതു കണ്ട് ഓടിയെത്തിയപ്പോള്‍ ശരീരമാസകലം തീപിടിച്ച ഗീതാംബിക വാഹനത്തില്‍നിന്നു പുറത്തേക്കു ചാടി. യുവാക്കള്‍ വാഹനത്തിലെ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പട്ടിമറ്റത്തുനിന്നു ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണു തീ കെടുത്തിയത്. അതിനുള്ളില്‍ രാജു വാഹനത്തിനൊപ്പം കത്തിയമര്‍ന്നു. എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീതാംബിക രാവിലെ 10.30 ഓടെ മരിക്കുകയായിരുന്നു. ഇവര്‍ക്കു സാമ്പത്തികമായ ഒരു ബുദ്ധിമുട്ടുമില്ലെന്നു ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞമാസമാണു മകള്‍ രേക്ഷ്മയുടെ വിവാഹം ആഘോഷമായി നടത്തിയത്. മകന്‍ രാഹുല്‍ ഐരാപുരം സിഇടി കോളജ് ജീവനക്കാരനാണ്. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുളള ഭാര്യയുടെ മൊഴി ഇന്നലെ രാത്രി തന്നെ പോലീസ് രേഖപ്പെടുത്തി. ഇരുവരും ചേര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നു ഗീതാംബിക കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസിനു നല്കിയ മൊഴിയില്‍ പറയുന്നു. എസ്‌ഐ പ്രഭാകരന്റെ നേതൃത്വത്തിലുള്ള പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.