സ്വന്തം ലേഖകന്‍
കോഴിക്കോട്: കോലീബി സഖ്യത്തിന് പുറമേ വീണ്ടും വെല്‍ഫെയര്‍പാര്‍ട്ടി ബന്ധവും എടുത്തിടാന്‍ സിപിഎം. മലബാറില്‍ പ്രത്യേകിച്ചും കോഴിക്കോട്ട് വെല്‍ഫെയര്‍പാര്‍ട്ടിയുമായി യുഡിഎഫ് ഇപ്പോഴും ബന്ധം തുടരുന്നുവെന്നും തിരുവമ്പാടി, കുറ്റ്യാടി, മലപ്പുറത്തെ മങ്കട എന്നിവിടങ്ങളില്‍ വെല്‍ഫെയര്‍പാര്‍ട്ടി യുഡിഎഫുമായി രഹസ്യബന്ധത്തിലാണെന്നും സിപിഎം ആരോപിക്കുന്നു.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായി യുഡിഎഫ് ബന്ധം തുറന്നുകാട്ടി പ്രചാരണം നയിക്കുകയും അതുവഴി നേട്ടമുണ്ടാക്കുകയും ചെയ്ത സിപിഎം സമാന രീതിയില്‍ തന്നെയാണ് മലബാറില്‍ ഇത്തവണയും പ്രചാരണം നയിക്കുന്നത്.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി ഇതിനായുള്ള ആദ്യ വെടിപൊട്ടിച്ചുകഴിഞ്ഞു. വാര്‍ത്താസമ്മേളനം വിളിച്ചാണ് ഇത്തവണയും യുഡിഎഫ് വെല്‍ഫെയര്‍പാര്‍ട്ടിയുമായി ബന്ധം സ്ഥാപിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്.
എന്നാല്‍ ഇത് നിഷേധിച്ച് വെല്‍ഫെയര്‍പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തെത്തി. തുടര്‍ നാളുകളില്‍ ഇതിന്റെ കൂടി ചുവടുപിടിച്ചുള്ള പ്രചാരണമായിരിക്കും സിപിഎം നയിക്കുക. അതുവഴി മുസ്ലിം ജനവിഭാഗത്തിലെ വലിയ വിഭാഗം വോട്ടാണ് സിപിഎം ലക്ഷ്യമിടുന്നത്.
കോഴിക്കോടി കഴിഞ്ഞ തവണ നഷ്ടമായ കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനാകുമെന്നാണ് സിപിഎം വിലിയിരുത്തൽ.മലബാറില്‍ നേട്ടമുണ്ടാക്കുക വഴി കോഴിക്കോട് കോണ്‍ഗ്രസിനെ കഴിഞ്ഞ തവണത്തെപോലെ സംപൂജ്യരാക്കുക എന്നലക്ഷ്യവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.
ഇത് മുന്‍കൂട്ടികണ്ട് ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം സൂക്ഷിച്ചുമതിയെന്നാണ് യുഡിഎഫ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍പാര്‍ട്ടി ബന്ധത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ വലിയ പഴികേട്ടിരുന്നു.