കോൽക്കത്ത: കോൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 31കാരിയായ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി അച്ഛൻ.
മകളുടെ മൃതദേഹം ധൃതിപിടിച്ച് സംസ്കരിച്ചതിൽ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കക്രെമറ്റോറിയത്തിൽ മൂന്നു മൃതദേഹങ്ങൾ ദഹിപ്പിക്കാൻ എത്തിച്ചിരുന്നു. എന്നാൽ, അവസാനമെത്തിച്ച മകളുടെ മൃതദേഹം ആദ്യംതന്നെ ദഹിപ്പിക്കുകയായിരുന്നു.
വിഷയം കൈകാര്യം ചെയ്ത മുഖ്യമന്ത്രി മമത ബാനർജിയുടെ രീതിയിൽ താൻ അതൃപ്തനാണ്. അതിനാലാണ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം നിരസിച്ചത്. നിലവിൽ സിബിഐ നടത്തിവരുന്ന അന്വേഷണത്തിലും തനിക്കു വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ കൊലയാളികളെയെല്ലാം നിയമത്തിനുമുന്നിൽ കൊണ്ടുവന്നാൽ മാത്രമേ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം സ്വീകരിക്കുകയുള്ളൂവെന്ന് വനിതാഡോക്ടറുടെ അമ്മയും പറഞ്ഞു.