കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പി.ജി. ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ആശുപത്രി ജീവനക്കാരെ ചോദ്യംചെയ്യാനൊരുങ്ങി സിബിഐ.
ഏകദേശം മുപ്പതോളം ഉദ്യോഗസ്ഥർക്കു നോട്ടീസ് നൽകിയതായി സിബിഐ അറിയിച്ചു. കേസ് ആദ്യം അന്വേഷിച്ച പോലീസ് സഞ്ജയ് റോയി എന്നയാളെ അറസ്റ്റ്ചെയ്തിരുന്നു. പോലീസ് സിവിക് വൊളണ്ടിയറായ ഇയാൾ മാത്രമല്ല പ്രതിയെന്ന് ഡോക്ടറുടെ മാതാപിതാക്കൾ സിബിഐയെ ധരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണു പഴതടച്ചുള്ള അന്വേഷണം.
യുവഡോക്ടറുടെ കൊലപാതകം നടന്ന സമയത്ത് ആശുപത്രിയിൽ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും ചോദ്യംചെയ്യാനാണ് സിബിഐ തീരുമാനം. കേസ് അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുമെന്നും സിബിഐ വ്യക്തമാക്കി.
അതേസമയം, അന്വേഷണത്തിൽ പൂർണമായും സുതാര്യത കാത്തുസൂക്ഷിച്ചിരുന്നുവെന്ന വിശദീകരണവുമായി കോൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ രംഗത്തെത്തി. ഒരാളുടെ പങ്കുപോലും മറച്ചുവയ്ക്കാൻ ശ്രമിച്ചിട്ടില്ല. പോസ്റ്റ്മോർട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങൾപ്പെടെ കൈവശമുള്ള മുഴുവൻ തെളിവുകളും സിബിഐക്കു കൈമാറി.
അസ്വാഭാവിക മരണമെന്ന തരത്തിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തതു രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികളും പിന്തുടരുന്ന സ്വാഭാവിക നടപടിക്രമം മാത്രമാണ്. കേസ് ഡയറിയിലൊരിടത്തും ആത്മഹത്യയെന്നു രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയാണ് യുവഡോക്ടറുടെ കൊലപാതകം. ബിജെപി ഉൾപ്പെടെ പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പുലർച്ചെ ആശുപത്രിയിൽ നടന്ന പ്രതിഷേധം വ്യാപക അക്രമത്തിൽ കലാശിച്ചു.
ഇതിനു മറുപടിയെന്നവണ്ണം അറസ്റ്റിലായ പ്രതിക്കു വധശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്നലെ കോൽക്കത്തയിൽ പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രിയിൽ അരങ്ങേറിയ അക്രമങ്ങൾക്കു പിന്നിൽ ബിജെപിയും സിപിഎമ്മും കോണ്ഗ്രസുമാണെന്നു മുഖ്യമന്ത്രി ആരോപിക്കുകയും ചെയ്തു.
പ്രതിപക്ഷ കക്ഷികൾ വ്യാഴാഴ്ച പുലർച്ചെ നടത്തിയ പ്രതിഷേധത്തിനിടെ സുരക്ഷാവീഴ്ച സംഭവിച്ചതായി കോല്‍ക്കത്ത ഡിസിപി വിനീത് ഗോയല്‍ സമ്മതിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനു പരിക്കേറ്റതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തു. നാലുപേരെ തിരിച്ചറിഞ്ഞു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുകുന്ദ മജുംദാറിനെ ഇതിനിടെ പോലീസ് അറസ്റ്റ്ചെയ്തു.