കോൽക്കത്ത: ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി കോൽക്കത്ത നൈറ്റ്റൈഡേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. തോൽവിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത കൈയ്യാലപ്പുറത്തായി. രാജസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെയാണ് കോൽക്കത്ത മറികടന്നത്.
ക്രിസ് ലിനിന്റെയും ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിന്റെയും (പുറത്താകാതെ 41) ബാറ്റിംഗ് പ്രകടനമാണ് കോൽക്കത്തയ്ക്കു അനായാസ ജയം സമ്മാനിച്ചത്. കുറഞ്ഞ സ്കോർ പിന്തുടർന്ന കോൽക്കത്ത തകർത്തടിച്ചാണ് തുടങ്ങിയത്. സുനിൽ നരൈയ്ൻ ആയിരുന്നു ഇത്തവണയും വെടിക്കെട്ടിനു തുടക്കമിട്ടത്.
നരൈയ്ൻ ഏഴു പന്തിൽ രണ്ടു സിക്സും രണ്ടു ഫോറും അടക്കം 21 റൺസെടുത്തു. പിന്നാലെവന്ന ഉത്തപ്പ (4) പെട്ടെന്ന് പുറത്തായതോടെയാണ് കോൽക്കത്ത കളി തണുപ്പിച്ചത്. ക്യാപ്റ്റൻ ക്രീസിലെത്തിയതോടെ അച്ചടക്കത്തോടെ കോൽക്കത്ത വിജയത്തിലേക്ക് മുന്നേറി.
നേരത്തെ തുടക്കത്തിലെ വെടിക്കെട്ടിനു ശേഷം ആറിത്തണുത്ത രാജസ്ഥാൻ 19 ഓവറിൽ തന്നെ കൂടാരംപൂകി. ബട്ലറും (39) ത്രിപതിയും (27) തുടങ്ങിവച്ച വെടിക്കെട്ട് തുടരാൻ രാജസ്ഥാൻ നിരയിൽ ആരുമുണ്ടായില്ല. സഞ്ജുവും (12) ക്യാപ്റ്റൻ രഹാനെയും (11) വീണ്ടും നിരാശപ്പെടുത്തിയപ്പോൾ വാലറ്റത്ത് ജയ ദേവ് ഉനാദ്ഘട് നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.