കോല്‍ക്കത്ത: രണ്ടു തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം നേടിയ കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തം ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യ ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്‍സിനെ നേരിടും. രണ്ടു ടീമും ജയപ്രതീക്ഷകളുമായാണ് ഇറങ്ങുന്നത്. പരാജയപ്പെടുന്നവര്‍ പുറത്താകും. ജയിക്കുന്നവര്‍ക്ക് ഫൈനലിനുമുമ്പ് ഒരവസരം കൂടി ലഭിക്കുകയും ചെയ്യും.
ഈ സീസണില്‍ റോയല്‍സിനെതിരേ തുടര്‍ന്ന മികവ് എലിമിനേറ്ററിലും തുടരാനാണ് നൈറ്റ്റൈഡേഴ്സ് ഇറങ്ങുന്നത്. ഹോമിലും എവേയിലും നൈറ്റ്റൈഡേഴ്സിനായിരുന്നു ജയം. പ്ലേ ഓഫിലെത്തിയ നാലു ടീമുകളില്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്ന ഏക ടീമാണ് നൈറ്റ്റൈഡേഴ്സ്. റോയല്‍സും ഫോമിലാണ് അവസാനത്തെ അഞ്ചു മത്സരങ്ങളില്‍ ഒരു തോല്‍വി മാത്രമായിരുന്നു. അത് കോല്ക്കത്തയ്ക്കെതിരേയായിരുന്നു.
ജോസ് ബട്ലര്, ബെന്‍ സ്റ്റോക്സ് എന്നിവരില്ലാതെ അവസാന ലീഗ് മത്സരത്തിനിറങ്ങിയ രാജസ്ഥാന് ഭേദപ്പെട്ട സ്കോറില്‍ ഒതുങ്ങിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂരിനെ പരാജയപ്പെടുത്താനായി.
അവസാന ലീഗ് മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സും കിംഗ്സ് ഇലവന് പഞ്ചാബും പരാജയപ്പെട്ടതോടെയാണ് റോയല്‍സ് പ്ലേഓഫിന് യോഗ്യത നേടിയത്. അജിങ്ക്യ രഹാനെ, സഞ്ജു സാംസണ് എന്നിവരുടെ ഫോമിലാണ് രാജസ്ഥാന്റെ പ്രതീക്ഷകള്‍. വന്‍ അടികള്‍ക്കു പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഹെന് റിച്ച് ക്ലാസന് കഴിഞ്ഞ മത്സരത്തില്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
കൃഷ്ണപ്പ ഗൗതം, ശ്രേയസ് ഗോപാല്‍ എന്നിവര്‍ രാജസ്ഥാന്റെ ബൗളിംഗിനെ കരുത്താക്കുന്നു.കോല്‍ക്കത്തയ്ക്ക് നായകന് ദിനേശ് കാര്‍ത്തിക് മികച്ച ഫോമില്‍ തുടരുന്നു. ക്രിസ് ലിന്-സുനില്‍ നരേന് ഓപ്പണിംഗ് ബാറ്റിംഗ് പെട്ടെന്നു സ്കോര്‍ ഉയര്‍ത്തുന്നതില്‍ മികവ് കാണിക്കുന്നുണ്ട്.