കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാടു നടത്തിവന്ന സംഭവത്തിൽ കേരളത്തിലേക്കു പലിശയ്ക്കുള്ള പണം ഒഴുക്കിയ തമിഴ്നാട് സ്വദേശി മഹാരാജ ഒളിവിൽതന്നെ. ഇയാളെത്തേടി ചെന്നൈയിലെത്തിയ പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തു തുടരുമെന്നും അന്വേഷണം ഉൗർജിതമാണെന്നും മട്ടാഞ്ചേരി എസിപി എസ്. വിജയൻ പറഞ്ഞു.
ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിഡി അസോസിയേറ്റ്സ് ഉടമ മഹാരാജയെ പിടികൂടുന്നതിനായുള്ള അന്വേഷണമാണു നടന്നുവരുന്നത്. ഇയാളാണു കൊള്ളപലിശയ്ക്കു ഇടപാടുകൾ നടത്തുന്നതിനായി സംസ്ഥാനത്തേക്കു പണം ഒഴുക്കിയതെന്നാണു പോലീസ് കണ്ടെത്തൽ. പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ മഹാരാജ സംഘം എത്തുന്നതിനുമുന്പേ സ്ഥലത്തുനിന്നു മുങ്ങുകയായിരുന്നു. തമിഴ്നാട് പോലീസിന്റെ സഹായത്തോടെയുള്ള അന്വേഷണമാണ് നടന്നുവരുന്നത്.
സൈബർ സെല്ലിന്റെ സഹായവും പോലീസിനു ലഭിക്കുന്നതായാണു സൂചന. തമിഴ്നാട്ടിൽ ഇയാൾക്കു വലിയ ഇടപാടുകൾ ഒന്നുംതന്നെയില്ലെന്നും കേരളത്തിലേക്കാണ് ഇയാൾ കൂടുതലായും പണം ഒഴുക്കിയിരുന്നതെന്നും പോലീസ് നേരത്തെതന്നെ കണ്ടെത്തിയിരുന്നു.
വിവിധ ബാങ്ക് അക്കൗണ്ടുകളും രേഖകളും പരിശോധിച്ചതിൽനിന്നുമാണ് അധികൃതർ ഈ നിഗമനത്തിലെത്തിയിട്ടുള്ളത്. കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. കേസുമായി നേരത്തെ പിടിയിലായ പ്രതികളിൽനിന്നാണു പണം ഒഴുക്കിയതു മഹാരാജയാണെന്നു പോലീസിനു വിവരം ലഭിച്ചത്. കേസിൽ ഇടനിലക്കാരൻ ഉൾപ്പെടെ നാലുപേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
െ