പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ എല്ലായിടത്തും തിരക്ക്. വാഹനത്തിരക്കിൽ വീഥികൾ വീർപ്പുമുട്ടിയപ്പോൾ, പൊതുനിരത്തുകളിലും സ്ഥാപനങ്ങളിലും ആളുകളുടെ തിരക്കുമുണ്ടായി.
നിരത്തിലിറങ്ങിയ ബസുകൾ യാത്രക്കാരുടെ തിരക്കും ഉണ്ടായിരുന്നു. രാവിലെയും വൈകുന്നേരവും സകല നിയന്ത്രണങ്ങളും മറികടന്ന് യാത്രക്കാരെ നിർത്തിയുള്ള യാത്രയും ബസുകളിൽ അനുവദിച്ചു.
ലോക്ഡൗണിൽ ഇളവുകൾ കണ്ടുതുടങ്ങിയതോടെയാണ് നിരത്തുകളിലേക്ക് ആളുകൾ ഒഴുകിയത്. ദിവസങ്ങൾക്കുശേഷം സർക്കാർ ഓഫീസുകളും കോടതികളും സജീവമായി തുടങ്ങിയതോടെയാണ് തിരക്ക് വർധിച്ചത്.
ബാങ്കുകളിലും എടിഎം കൗണ്ടറുകൾക്കു മുന്പിലും വൻ തിരക്ക് അനുഭവപ്പെട്ടു. സ്വകാര്യ വാഹനങ്ങളാണ് നിരത്തുകളേറെയും കൈയടക്കിയത്. ഇതോടെ ഗതാഗതക്കുരുക്കുമായി.
സ്വകാര്യ ബസുകൾ നിരത്തിലിറങ്ങാൻ മടിച്ചതോടെ കഐസ്ആർടിസി ബസുകളിലും തിരക്കുണ്ടായി.
കഐസ്ആർടിസി ഇന്നലെ മുതൽ കൂടുതൽ ഓർഡിനറി, ഫാസ്റ്റ്് പാസഞ്ചർ സർവീസുകൾ നടത്തി. കൊല്ലം, തിരുവല്ല, പുനലൂർ, ചെങ്ങന്നൂർ, റാന്നി ഭാഗങ്ങളിലേക്കാണ് കഐസ്ആർടിസി സർവീസുകൾ അധികമായി നടത്തിയത്.
രാഷ്ട്രീയ യോഗങ്ങളിലും സമരങ്ങളിലും ആൾക്കൂട്ടം
രാഷ്ട്രീയകക്ഷികളും സംഘടനകളും സംഘടിപ്പിക്കുന്ന യോഗങ്ങൾ, സമരപരിപാടികൾ എന്നിവയിലും ആൾക്കൂട്ടങ്ങളായിത്തുടങ്ങി. ഇന്നലെ നടന്ന ചക്രസ്തംഭന സമരത്തിൽ ഇടതു, വലതു സംയുക്തസമരസമിതി നേതൃത്വം നൽകിയതോടെ നഗരത്തിൽ തിരക്ക് വർധിച്ചു.
സാമൂഹിക അകലം മറുന്നുകൊണ്ടുള്ള കൂടിച്ചേരലുകളായി സമരവേദി മാറി. കഴിഞ്ഞദിവസങ്ങളിൽ പല രാഷ്ട്രീയകക്ഷികളും സംഘടിപ്പിച്ച യോഗങ്ങളിലും പ്രവർത്തകരുടെയും നേതാക്കളുടെയും തിരക്കായിരുന്നു.
ലോക്ഡൗണിന് ഇളവുകൾ ലഭിച്ചതോടെ പൊതുപരിപാടികളും ആൾക്കൂട്ടങ്ങളും വർധിച്ചുവരികയാണ്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന പല പരിപാടികളും പൂർവാധികം ശക്തിയോടെ ആരംഭിച്ചു.