കോട്ടയം: കൊല്ലാട്ട് വാക്കുതർക്കത്തെ തുടർന്ന് അമ്മയും മകളും അയൽവാസിയെ കുത്തിയത് കത്രികയ്ക്ക്. കത്രിക ഇന്ന് കസ്റ്റഡിയിലെടുക്കുമെന്ന് ഈസ്റ്റ് എസ്ഐ പറഞ്ഞു. കൊല്ലാട് മരുതൂർ തങ്കച്ചനെ(59) കുത്തിയ കേസിൽ അറസ്റ്റിലായ അയൽവാസികളും വാടകയ്ക്കു താമസിക്കുന്നവരുമായ മറിയപ്പള്ളിൽ, ആര്യനിവാസിൽ രാജി(45), മകൾ അജ്ഞലി(20) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഗുരുതരമായി പരിക്കേറ്റ തങ്കച്ചൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് ഈസ്റ്റ് പോലീസ് പറയുന്നതിങ്ങനെ- കൊല്ലാട് ഭാഗത്ത് മൂന്നു വർഷമായി വാടകയ്ക്ക് താമസിക്കുന്ന പ്രതികളും അയൽവാസിയായ തങ്കച്ചനുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെതുടർന്നു പ്രതികൾക്കെതിരെ തങ്കച്ചൻ പോലീസിൽ പരാതി കൊടുത്തിരുന്നു.
ഇതിനെ ചൊല്ലി തിങ്കളാഴ്ച രാത്രി 7.30ന് പ്രതികൾ തങ്കച്ചനുമായി വീടിന് സമീപത്തു വച്ചു വാക്കു തർക്കത്തിലേർപ്പെടുകയും തങ്കച്ചന്റെ തലയ്ക്കിട്ട് വെട്ടുകയും വയർ ഭാഗത്തു കുത്തുകയുമായിരുന്നു. ഗുരുതരമായി കുത്തേറ്റ തങ്കച്ചനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെ തുടർന്ന് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ഇന്നലെ ഇരുവരേയും അറസ്റ്റു ചെയ്യുകയുമായിരുന്നു. എന്നാൽ വാക്കു തർക്കം എന്തിന്റെ പേരിലാണെന്ന് പോലീസ് വെളിപ്പെടുത്തിയില്ല. അയൽവാസികൾക്കും ഇതേക്കുറിച്ച് ഒന്നുമറിയില്ല.