കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 20 ലക്ഷത്തിലേറെ വോട്ടര്‍മാര്‍. ജില്ലയിലെ 1947 പോളിംഗ് സ്റ്റേഷനുകളിലായാണ് ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23 നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു.തിെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം 2023719 സമ്മതിദായകര്‍ ജില്ലയിലുണ്ട്.
വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.
പൂര്‍ണമായും വി.വി പാറ്റ് ഉപയോഗിച്ചാകും ജില്ലയില്‍ വോട്ടെടുപ്പ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വി.വി പാറ്റും പരിചയപ്പെടുത്തുന്നതിന് പോളിംഗ് കേന്ദ്രങ്ങളുടെ അടിസ്ഥാനത്തില്‍ വിപുലമായ ബോധവത്കരണ പരിപാടി നടത്തി. 1005 പോളിംഗ് കേന്ദ്രങ്ങളിലായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബോധവത്കരണ പരിപാടിയും മോക് പോളിംഗും നടത്തിയത്.
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി വിവിധ കോളേജുകള്‍, പൊതുജനങ്ങള്‍ സമ്മേളിക്കുന്ന പൊതുസ്ഥലങ്ങള്‍, തീരദേശ മേഖലകള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടം ഒരുക്കിയ വോട്ടുവണ്ടി നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയിലെമ്പാടും പര്യടനം നടത്തും.
ഉദ്യോഗസ്ഥര്‍ക്കു നല്‍കേണ്ട ആദ്യഘട്ട പരിശീലനവും ജില്ലയില്‍ പൂര്‍ത്തിയായി. തിെരഞ്ഞെടുപ്പ് നടത്തിപ്പിനായി 18 നോഡല്‍ ഓഫീസര്‍മാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുക. ഓരോ നോഡല്‍ ഓഫീസര്‍ക്കു കീഴിലും പ്രത്യേക ടീം രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. വിവിധതലങ്ങളിലുള്ള പരിശീലന പരിപാടികളും നടന്നു. തിെരഞ്ഞെടുപ്പ് ജോലികളുടെ ചുമതലയുള്ള സെക്ടറല്‍ ഓഫീസര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. എആര്‍ഒ, ഇആര്‍ഒ. തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്കി.