കൊല്ലം: ജില്ലയില്‍ വാഹന അപകടത്തിന്റെ തോത് കുറയ്ക്കുന്നതിനായി പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി. സജിത്ത് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ അനുവദനീയ പരിധിയില്‍ കവിഞ്ഞ വെളിച്ചമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചതിന് 23 കേസുകളാണ് എടുത്തത്.
എയര്‍ഹോണ്‍ ഉപയോഗം, ഫിറ്റ്നസ് പുതുക്കാതെയുള്ള സര്‍വീസ്, ഇന്‍ഷ്വറന്‍സ് ഇല്ലാത്തവ, ഹെല്‍മറ്റ് ഇല്ലാത്ത ഇരുചക്രവാഹന യാത്ര, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 261ലേറെ കേസുകള്‍ എടുത്തു. കോണ്‍ട്രാക്ട് ക്യാരേജുകളില്‍ മുന്‍ പരിശോധനാവേളയില്‍ നീക്കം ചെയ്ത ഉപകരണങ്ങള്‍ വീണ്ടും ഘടിപ്പിച്ചാല്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കും.
സിറ്റിയില്‍ ഇനി ഓട്ടോകള്‍ക്ക് രജിസ്ട്രേഷന് നല്‍കില്ല. പഞ്ചായത്ത് പെര്മിറ്റുള്ളവയ്ക്ക് പാര്‍ക്കിംഗും അനുവദിക്കില്ല. ഇവിടെ സര്‍വീസ് നടത്തുന്ന ഓട്ടോകള്‍ നിര്‍ബന്ധമായും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. ട്രാക്ക് മുഖേന നടത്തുന്ന പരിശീലനം നേടിയ ഓട്ടോ ഡ്രൈവര്‍മാരെ മാത്രമേ സിറ്റിയില്‍ ഓടാന്‍ അനുവദിക്കൂ.
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30ന് കൊച്ചാലുംമൂട് റെഡ്ക്രോസ് സൊസൈറ്റി ഹാളില്‍ ബുക്ക് ചെയ്ത് പരിശീലനത്തില്‍ പങ്കെടുക്കാമെന്ന് ആര്‍ടിഒ അറിയിച്ചു.