മുക്കം: “എന്ന് നിന്റെ മൊയ്തീൻ’ എന്ന സിനിമയിലൂടെ മുക്കം എന്ന ഗ്രാമത്തെ ലോകത്തിന് പരിചയപ്പെടുത്തിയ കാഞ്ചന മാലയെ കാണാൻ കൊല്ലം അജിത്ത് മുക്കത്തെ ബി.പി.മൊയ്തീൻ സേവാ മന്ദിറിലെത്തിയപ്പോൾ അത് ജീവിതത്തിലെ നായികയും സിനിമകളിലെ വില്ലനും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചയായി. തന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതിനും സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനുമൊക്കെയായി മുക്കത്തെ സുഹൃത്ത് നിഷാബ് മുല്ലോളിയെ കാണാനെത്തിയപ്പോഴാണ് അജിത്ത് കാഞ്ചന മാലയേയും സന്ദർശിച്ചത്. യഥാർത്ഥ പ്രണയവും അത് എത്രത്തോളം ആത്മാർത്ഥവുമാണെന്ന് കാഞ്ചന മാല തന്റെ ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണന്ന് അജിത്ത് പറഞ്ഞു.
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച തന്റെ “പകൽ പോലെ’ എന്ന സിനിമയെക്കുറിച്ചും അജിത്ത് വാചാലനായി. രാജ്യസ്നേഹം പ്രമേയമാക്കി താൻ സംവിധാനം ചെയ്ത സിനിമ രാജ്യദ്രോഹമായി കാണുന്നത് ദുഖകരമാണെന്ന് അജിത്ത് പറഞ്ഞു. സെൻസർ ബോർഡ് അകാരണമായാണ് തന്റെ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത്. തൊഴിലന്വേഷിച്ച് ഒരു യുവാവ് മുംബൈയിൽ എത്തിപ്പെടുന്നതും എന്നാൽ ഇയാൾ ഓടിച്ച ട്രക്കൽ ആളറിയാതെ രണ്ട് തീവ്രവാദികൾ കയറി യാത്ര ചെയ്യുന്നതും തുടർന്ന് യുവാവ് ജയിലിൽ അകപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
2016 ഡിസംബറിൽ ചിത്രം സെൻസർഷിപ്പിന് അയച്ചെങ്കിലും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത് അകാരണമായി നീട്ടികൊണ്ട് പോവുകയായിരുന്നു. ഡിസംബർ 31 ന് മുൻപ് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ വിവിധ മേളകളിലും ഇന്ത്യൻ പനോരമ വിഭാഗത്തിലും ചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സെൻസർ ബോർഡ് ചെയർമാനും മറ്റും കാണാതെ തന്നെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചെന്നും അജിത്ത് പറഞ്ഞു.
2 മണിക്കൂർ 24 മിനുട്ട് ദൈർഘ്യമുള്ള സിനിമയിൽ വെറും 6 സെക്കന്റ് മാത്രമാണ് ഒഴിവാക്കാൻ നിർദേശിച്ചതെന്നും അജിത്ത് പറഞ്ഞു. ഇനി തിയേറ്റർ പ്രദർശനം ഉദ്ദേശിക്കുന്നില്ലെ്ലന്നും കാസർഗോഡ് മുതൽ കന്യാകുമാരി വരെ നാലാൾ കൂടുന്ന കവലകളിൽ ചിത്രം പ്രദർശിപ്പിച്ച് സിനിമയിലൂടെ നല്ല സന്ദേശം സമൂഹത്തിന് നൽകുകയാണ് ലക്ഷ്യമെന്നും കൊല്ലം അജിത്ത് പറഞ്ഞു.
പുതിയ സിനിമയായ “ഒരു കടലിനുമപ്പുറം’ മുക്കത്തും പരിസരങ്ങളിലുമാണ് ചിത്രീകരിക്കുക. മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കുന്ന മക്കൾക്കും പൊതു സമൂഹത്തിനും ഇതിനെതിരെ ബോധവൽക്കരണം നൽകുകയാണ് ചിത്രത്തിലൂടെ അജിത്ത് ലക്ഷ്യമിടുന്നത്. നിരവധി സിനിമകളിൽ നെഗറ്റീവ് കഥാപാത്രങ്ങളെ അനശ്വരമാക്കിയ അജിത്ത് തന്റെ സിനിമയിലൂടെ പൊതു സമൂഹത്തിന് നൽകുന്നത് നല്ല സന്ദേശം തന്നെയാണ്.