കൊല്ലം: ബൈപാസ് റോഡിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ പോലീസുകാരനും സ്ത്രീയും മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. അടൂർ കെഐപി 3 ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ ചന്ദനത്തോപ്പ് സ്വദേശി അനസ് (30) ആണ് മേവറത്ത് ഉണ്ടായ അപകടത്തിൽ മരിച്ചത്.
പോലീസുകാരൻ സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും രാവിലെ 6.15ഓടെ മേവറത്ത് കൂട്ടിയിടിച്ചാണ് അപകടം.കണ്ടെയ്നർ ലോറി കാറിലിടിച്ചുകയറിയനിലയിലാണ്. ഫയർഫോഴ്സും പോലീസുമെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് അനസിനെ പുറത്തെടുത്തത്.
സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേവറുത്തുനിന്നും അയത്തിൽ ഭാഗത്തേക്ക് വരികയായിരുന്ന കാർ. തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അനസ്.
ഇന്നലെ രാത്രി 9.40ന് നടന്ന അപകടത്തിലാണ് സ്കൂട്ടർ യാത്രിക രണ്ടാംകുറ്റി സ്വദേശിനി ഷാഹിദ (45) മരിച്ചത്. ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്നു ഷാഹിദ.
പാലത്തറക്ക് സമീപം അമിതവേഗതയിലെത്തിയ ആംബുലൻസ് സ്കൂട്ടറിന് പിറകിലിടിക്കുകയായിരുന്നു.നിയന്ത്രണം വിട്ട സ്കൂട്ടർ മുന്നേപോയ ഒരു ഓട്ടോറിക്ഷയിൽ തട്ടി റോഡിലേക്ക് തെറിച്ചുവീണു. ഷാഹിദ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു.
പരിക്കേറ്റ ഭർത്താവ് ഹാസിഫിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനസിന്റെയും ഷാഹിദയുടെയും മൃതദേഹം മേവറത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഇരവിപുരം പോലീസ് കേസെടുത്തു.