കൊല്ലം: ബൈപാസില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ക്ക് ഈ ആഴ്ച തന്നെ തുടക്കമാകുമെന്ന് ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍ വ്യക്തമാക്കി. ബൈപാസിലെ അപകട മേഖലകള്‍ സന്ദര്‍ശിച്ച കളക്ടര്‍ ഏഴു ദിവസസത്തിനകം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി.
24 മണിക്കൂറും സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കണം. റോഡ് സുരക്ഷയ്ക്കായി നിര്‍ദ്ദേശിച്ചിട്ടുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയാകുംവരെ ഈ രീതി പിന്തുടരണം. നേരത്തെ അനുമതി നല്കിയ അഞ്ചു സിഗ്നല്‍ ലൈറ്റുകള്‍ക്ക് പുറമെ അപകടസാധ്യതാ സ്ഥലങ്ങളില്‍ പുതിയ എട്ടെണ്ണം കൂടി സ്ഥാപിക്കണം.
റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗപ്പെടുത്തി സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം. ഇതോടൊപ്പം താത്കാലിക ഹംപുകളും നിര്‍മിക്കണം. തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ കെല്‍ട്രോണിന് ഉത്തരവ് നല്കി കഴിഞ്ഞു. സന്നദ്ധ സംഘടനകള്‍, സ്റ്റുഡന്റ് പോലീസ്, എന്‍സിസി, സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുല ബോധവത്കരണ പരിപാടികളും നടത്തും. പാതയോര കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി ത്വരിതപ്പെടുത്തുമെന്നും കളക്ടര്‍ അറിയിച്ചു.
എസിപി എ. പ്രതീപ് കുമാര്‍, ആര്‍ടിഒ വി. സജിത്ത്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ ജയ, അസിസ്റ്റന്റ് എഞ്ചിനീയര്‍ ലതിക, റോഡ് സുരക്ഷാ അതോറിറ്റി സാങ്കേതിക വിഭാഗം ഡയറക്ടര്‍മാരായ എ.ബിജു, പി. കല, സിഐമാരായ അനില്‍ കുമാര്‍, വിനോദ് കൃഷ്ണന്, ട്രാഫിക് എസ്ഐ സി. അമല്‍ തുടങ്ങിയവര്‍ സംയുക്ത പരിശോധനയില്‍ പങ്കെടുത്തു.