കൊല്ലം : ബൈപ്പാസിൽ പ്രതിഷേധങ്ങൾക്കിടെ ടോൾ പിരിവ് തുടങ്ങി. ടോൾ പിരിവ് തടയാനെത്തിയ ഡിവൈഎഫ്ഐ , എഐവൈഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.
ഇന്ന് രാവിലെഎട്ടിനാണ് ടോൾ പിരിവ് തുടങ്ങാനിരുന്നത്. ഉടൻതന്നെ സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ, എഐ വൈഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
ആറുവരിപാതയാക്കിയശേഷം ടോൾ പിരിവ് നടത്തിയാൽ മതിയെന്നും സമീപപഞ്ചായത്തുകളിലുള്ളവർക്കും യാത്ര സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം തുടങ്ങിയത്.
പോലീസും പ്രവർത്തകരും തമ്മിൽ നേരിയ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കിയശേഷം 9.30ഓടെ ടോൾ പിരിവ് തുടങ്ങി.
ജൂൺ ഒന്നിന് ടോൾ പിരിവ് തുടങ്ങാൻ ശ്രമം നടത്തിയെങ്കിലും പ്രതിഷേധത്തെതുടർന്ന് മാറ്റുകയായിരുന്നു. കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് ജില്ലാഭരണകൂടവും ടോൾ കന്പനിയായ എ.കെ ഗ്രൂപ്പും ചർച്ചനടത്തിയതിനുശേഷമാണ് ഇന്ന് പിരിവ് തുടങ്ങിയത്.
ബൈപ്പാസിലെ ടോൾ പ്ലാസയ്ക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്രാപാസ് അനുവദിച്ചു. മാത്രമല്ല.
20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാസം 285 രൂപയുടെ പാസ് മതിയാകും. ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.