കൊല്ലം: ബൈസ് പാസ് റോഡിൽ കാറിലിടിച്ച് മറിഞ്ഞ ആംബുലൻസ് കത്തിയമർന്നു. അതിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ നാലുപേരെ കൺട്രോൾ റൂം എഎസ്ഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷപ്പെടുത്തി. പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻദുരന്തമാണ് ഒഴിവായത്.
ഇന്ന് പുലർച്ചെ 4.30ഓടെ കല്ലുംതാഴത്താണ് സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽനിന്ന് ജില്ലാആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. കൊട്ടാരക്കര സ്വദേശിയായ സെയ്ഫ് , ഭാര്യ റഹീല, ഇവരുടെ മകൻ എന്നിവരാണ് ഡ്രൈവറെ കൂടാതെ ആംബുലൻസിൽ ഉണ്ടായിരുന്നത്. രോഗബാധിതയായ റഹീലയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽനിന്ന് കൊല്ലം ജില്ലാആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
കൊല്ലത്തേക്ക് വരുന്നതിനിടയിൽ കല്ലുംതാഴത്തുവച്ച് എതിരെവന്ന കാറിൽതട്ടി ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞു. വിവരമറിഞ്ഞ് മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി നാലുപേരെയും ആംബുലൻസിൽനിന്ന് രക്ഷിച്ച് ജീപ്പിൽകയറ്റി ആശുപത്രിയിലെത്തിച്ചു.
നാലുപേരെയും ആംബുലൻസിൽ നിന്ന് രക്ഷപ്പെടുത്തിയ ഉടൻതന്നെ ആംബുലൻസ് തീപിടിച്ച് കത്തിയമർന്നു. അപകടത്തെ തുടർന്ന് ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടി ത്തമുണ്ടായത്. ഫയർഫോഴ്സ് എത്തിയാണ് തീകെടുത്തിയത്. കാറിന്റെ മുൻവശം പൂർണമായും തകർന്നു. രണ്ട് വാഹനങ്ങളിലുമുണ്ടായിരുന്നവരുടെ പരിക്ക് ഗുരുതരമല്ല.