കൊല്ലം: ആലപ്പാട്ടെ അനിയന്ത്രിത കരിമണൽ ഖനനം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി ഇ.പി. ജയരാജൻ മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കരിമണൽ ഖനനപ്രദേശം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ആലപ്പാട്ടെ വിഷയത്തിൽ സർക്കാർ പ്രശ്നം പരിശോധിച്ച് സമരക്കാരുമായി ചർച്ചയ്ക്ക് തയാറാകണം. സമരം ചെയ്യുന്നവരെ ആക്ഷേപിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, ഖനനം നിർത്തി വയ്ക്കില്ലെന്നാണ് വ്യവസായമന്ത്രിയുടെ നിലപാട്. ഖനനം നിർത്തിവയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്നും സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്നും മന്ത്രി ജയരാജന് പറഞ്ഞിരുന്നു.